ഇന്ത്യയോട് മുട്ടാൻ പാക്കിസ്ഥാൻ ഭയക്കുന്നതിന് പിന്നിൽ ‘സാമ്പത്തിക’വും!! യുദ്ധച്ചിലവ് താങ്ങുന്നതെങ്ങനെ എന്നത് വലിയ ചോദ്യം

പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിന് തിരിച്ചടി നൽകികൊണ്ട് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുടങ്ങിയ ഏറ്റുമുട്ടൽ അപ്രഖ്യാപിത യുദ്ധമാകുമെന്ന ഘട്ടം എത്തിയപ്പോഴാണ് വെടിനിർത്തലിന് പാക്കിസ്ഥാൻ സന്നദ്ധമായിരിക്കുന്നത്. പാകിസ്ഥാനിലെ സാധാരണക്കാർക്കോ സ്ഥാപനങ്ങൾക്കോ യാതൊരു കേടുപാടും വരുത്താതെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംഘർഷം ഒരു യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കാൻ പാകിസ്ഥാൻ തന്നെയാണ് വഴിയൊരുക്കിയത്. അപ്പോഴും അവരെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സാമ്പത്തികമാണ്. മുഴുനീള യുദ്ധത്തിലേക്ക് പോയാൽ ചിലവുകൾ എങ്ങനെ താങ്ങും എന്നത് വലിയ ചോദ്യചിഹ്നമാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യ പ്രതിരോധ ശേഷി വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ പ്രതിരോധ ബജറ്റ് പാകിസ്ഥാനേക്കാൾ പതിന്മടങ്ങ് കൂടുതലാണ്. 2024-25ലെ ഡിഫൻസ് ബജറ്റ് ലോകത്തിലെ അഞ്ചാമത്തെ വലിയ പ്രതിരോധ ബജറ്റ് ആണ്. തലേവർഷത്തേക്കാൾ 1.6 ശതമാനം വർദ്ധനയാണിത്. കഴിഞ്ഞ ബജറ്റിൽ 8610 കോടിയാണ് ഇന്ത്യ പ്രതിരോധ ആവശ്യങ്ങൾക്കായി നീക്കിവച്ചത്. പാകിസ്ഥാൻ്റേത് കേവലം 1020 കോടി മാത്രമാണ്. 10 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പടിപടിയായി ഉയർന്നിട്ടുണ്ട്. 2013ൽ 4100 കോടിയായിരുന്നത് 2024 ആയപ്പോഴേക്കും 8000 കോടിയായി. ആധുനികമായി സേനയെ കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞു എന്നതിൻ്റെ തെളിവാണ് ഈ വർദ്ധന.
ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും ആധുനികവൽക്കരണവും നൂതന സാധനസാമഗ്രികളുടെ സംഭരണവും വൻ തോതിൽ നടക്കുന്നുണ്ട്. വർഷങ്ങളായി ഇന്ത്യ ഈ രംഗത്ത് വമ്പൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങൾക്കും മിസൈലുകൾക്കും പുറമെ ലോകത്തെ മികച്ച പടക്കോപ്പുകളും നമ്മുടെ ആയുധ കലവറകളിലുണ്ട്. ബ്രഹ്മോസ് പോലുള്ള മിസൈലിനോട് കിടപിടിക്കുന്ന മിസൈലൊന്നും പാകിസ്ഥാൻ്റെ പക്കൽ ഉണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും ഒടുവിൽ ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങിയത് തന്നെ പാക്കിസ്ഥാനെതിരെ നമ്മുടെ പ്രതിരോധശക്തി വർദ്ധിപ്പിക്കാനാണ്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പാകിസ്ഥാന് പുറം രാജ്യങ്ങളിൽ നിന്ന് ആധുനിക പടക്കോപ്പുകൾ വാങ്ങാനാവില്ല. അതിനും പുറമെ സ്വന്തമായി പുതിയ ആയുധങ്ങൾ വികസിപ്പിക്കാനുള്ള സാങ്കേതികതികവും ആ രാജ്യത്തിന് ഇല്ലെന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. അതേസമയം ഇന്ത്യയാകട്ടെ, സ്വന്തമായി യുദ്ധ വിമാനങ്ങൾ വികസിപ്പിക്കാനും മിസൈൽ ടെക്നോളജിയിൽ നേട്ടം ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. തേജസ് വിമാനങ്ങളും അഗ്നി മിസൈലുകളും ഈ രംഗത്തെ നേട്ടങ്ങളാണ്. ഇതിനും പുറമെ സൈബർ രംഗത്തും ബഹിരാകാശ രംഗത്തും വൻ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്.
ഇന്ത്യയുടെ പ്രതിരോധ ബജറ്റിനോട് കിടപിടിക്കാൻ കഴിയില്ലെങ്കിലും 2024ൽ ഏതാണ്ട് 1100 കോടിയാണ് പാകിസ്ഥാൻ പ്രതിരോധ മേഖലക്കായി നീക്കിവെച്ചത്. പാകിസ്ഥാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ വലിയൊരു പങ്കാണ് ഇത്. ഇന്ത്യക്കെതിരായി പിടിച്ചുനിൽക്കുക എന്ന ഏക ഉദ്ദേശത്തിലാണ് കടുത്ത ദാരിദ്ര്യത്തിലും ഈ പണം ചെലവഴിക്കുന്നത്. ആണവ ബോംബുകളും മിസൈലുകളും പാകിസ്ഥാൻ്റെ ആയുധ കേന്ദ്രങ്ങളിലുണ്ട്. ഐഎംഎഫ് ലോണിനെ ആശ്രയിച്ചു നീങ്ങുന്ന സമ്പദ്ഘടനയുള്ള പാകിസ്ഥാന് ഇന്ത്യയുടെ പ്രതിരോധശേഷിയെ അത്ര പെട്ടെന്നൊന്നും മറികടക്കാനോ വെല്ലുവിളിക്കാനോ കഴിയില്ല എന്നത് വ്യക്തമാണ്.
ലോകത്തിലെ സൈനിക ശക്തികളായ രാജ്യങ്ങളെ നിർണയിക്കുന്ന ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് (Global Firepower Index) പ്രകാരം ഇന്ത്യ നാലാമത്തെ വലിയ സൈനിക ശക്തിയാണ്. പാകിസ്ഥാൻ്റെ സ്ഥാനം 12 ആണ്. മനുഷ്യശേഷിയിലും, വ്യോമ, നാവിക, കരസേനകളുടെ ശേഷിയിലും ഇന്ത്യയുടെ ഏഴയലത്ത് വരാനുള്ള ശേഷി പാകിസ്ഥാനില്ല. ഇന്ത്യൻ സേനകളിൽ 14.5 ലക്ഷം പേരാണ് സേവനം അനുഷ്ഠിക്കുന്നത്. പാകിസ്ഥാനിൽ 654,000 പേർ മാത്രം. ഇന്ത്യക്ക് 2229 വിമാനങ്ങളുണ്ട്. 513 പോർവിമാനങ്ങളും 130 ആക്രമണ വിമാനങ്ങളുമുണ്ട്. പാകിസ്ഥാന് മൊത്തം 1399 വിമാനങ്ങളിൽ 328 പോർ വിമാനങ്ങളാണ് ഉള്ളത്.
നാവിക ശക്തിയിലും ഇന്ത്യ വളരെ മുന്നിലാണ്. ഇന്ത്യക്ക് 293 കപ്പലുകളും രണ്ട് വിമാന വാഹിനികളും 18 അന്തർവാഹിനികളും 13 ഡിസ്ട്രോയറുകളുമുണ്ട്. പാകിസ്ഥാന് 121 കപ്പലുകൾ മാത്രമാണുള്ളത്. വിമാന വഹിനികളോ ഡിസ്ട്രോയറുകളോ ഇല്ല. ഇന്ത്യ കേവലം പ്രതിരോധ രംഗത്ത് മാത്രമല്ല പണം ചെലവഴിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക രംഗം തുടങ്ങി ആധുനികവൽക്കരണത്തിന് ആവശ്യമായ സമസ്ത മേഖലകളിലും വൻ കുതിപ്പ് നടത്തുകയാണ്. പാകിസ്ഥാൻ ഈ രംഗത്തെല്ലാം വളരെ പിന്നോക്കമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here