പാഠം ഒന്ന് – ബിജെപി ഭരണ പരിഷ്‌കാരങ്ങള്‍ ബെസ്റ്റ്!! മാലിന്യ സംസ്‌കരണം പഠിക്കാന്‍ എംബി രാജേഷിന്റെ വകുപ്പ് മധ്യപ്രദേശിലേക്ക്

സംഘപരിവാര്‍ ഭരണകൂടങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിപിഎം കേരളം ഭരിക്കുമ്പോള്‍, ഭരണമാതൃകകള്‍ പകര്‍ത്താന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പോകുന്നത് പതിവായി. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാനുള്ള ഡാഷ് ബോര്‍ഡ് മോണിട്ടറിംഗ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറിയുടെ സംഘം 2022ൽ ഗുജറാത്തിൽ പോയത്. ഇപ്പോള്‍ മാലിന്യ സംസ്‌കരണം പഠിക്കാന്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ സംഘമാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. ബിജെപി സര്‍ക്കാരുകളെക്കുറിച്ച് ഒരുകാലത്ത് പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് സിപിഎം.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിൽ കടുത്ത നിലപാട് സ്വീകരിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണം എന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. 2013 ഏപ്രില്‍ 20ന് അഹമ്മദാബാദില്‍ ആയിരുന്നു മോദി – ഷിബു കൂടിക്കാഴ്ച. ഗുജറാത്ത് തൊഴില്‍ മാതൃക പഠിക്കാനാണ് മോദിയെ സന്ദര്‍ശിച്ചത് എന്നായിരുന്നു ഷിബുവിന്റെ വിശദീകരണം.

തൊഴില്‍ രംഗത്ത് ഗുജറാത്തില്‍ നിന്നും ഒന്നും പഠിക്കേണ്ട ആവശ്യമില്ല എന്ന നിലപാടായിരുന്നു അന്ന് പിണറായി സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ആയതോടെ ബിജെപിയുടെ ഭരണമാതൃകകള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതിൽ പിണറായി സർക്കാരിന് പ്രശ്നമില്ല എന്നായി. ഷിബു ബേബി ജോൺ രാജിവയ്ക്കണം എന്നാണ് അന്നു സിപിഎം ആവശ്യപ്പെട്ടത്. ഗുജറാത്തിലെ വികസനം കാണാന്‍ പറഞ്ഞതിനാണു സിപിഎം തന്നെ പുറത്താക്കാക്കിയത് എന്നായിരുന്നു ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി പറഞ്ഞത്.

ALSO READ : ഷിബു-മോദി കൂടിക്കാഴ്ചയില്‍ ഉറഞ്ഞു തുള്ളിയ പിണറായി; എഡിജിപി ആര്‍എസ്എസ് ഉന്നതനെ കണ്ടതില്‍ നാവനക്കാതെ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നതിന് പിന്നാലെയാണ് മാലിന്യ സംസ്‌കരണ പ്രതിസന്ധിക്ക് പരിഹാരം തേടി ഉദ്യോഗസ്ഥ സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക് പോകുന്നത്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചാണ് തദ്ദേശ ഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പഠിക്കുക. ഇത് രണ്ടാം തവണയാണ് പിണറായി വിദേശത്ത് ചികിത്സ തേടുമ്പോള്‍, ഉദ്യോഗസ്ഥര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ‘വികസന മാതൃകകള്‍’ പഠിക്കാന്‍ പോകുന്നത്.

2022ലും സമാനമായിരുന്നു സാഹചര്യം. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിൽ ആയിരിക്കെയാണ് (2022 ഏപ്രില്‍ 23 – മെയ് 15) ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലെ ‘ഡാഷ് ബോര്‍ഡ്’ ഇ-ഗവേണന്‍സ് സംവിധാനം പഠിക്കാന്‍ പോയത്. 2022 ഏപ്രില്‍ 27 മുതൽ 29 വരെയായിരുന്നു സന്ദർശനം. ‘ഗുജറാത്ത് മോഡല്‍’ അത്ഭുതകരമാണ് എന്നായിരുന്നു അന്ന് വി.പി. ജോയിയുടെ പ്രതികരണം. എന്നാല്‍, ആ പഠനത്തിന്റെ തുടര്‍നടപടികളൊന്നും കേരളത്തില്‍ കാര്യക്ഷമമായി നടപ്പായില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമയും സംഘവുമാണ് ജൂലൈ എട്ടു മുതല്‍ 10 വരെ ഇന്‍ഡോര്‍ സന്ദര്‍ശിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടിനാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് ഇന്‍ഡോര്‍. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്‍ഡോറിലെ മാതൃക പഠിക്കാന്‍ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍, മുന്‍പത്തെ ‘ഗുജറാത്ത് മോഡല്‍’ പഠനത്തിന്റെ ഗതി ഈ യാത്രയ്ക്കും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top