വയനാട് സിപിഎമ്മിലെ വിഭാഗീയത; ഒതുക്കാൻ കെകെ ശൈലജയും സംഘവും ചുരം കയറും

വയനാട് ജില്ലയിലെ സിപിഎമ്മിലെ കടുത്ത വിഭാഗീയത തീർക്കാൻ സംസ്ഥാന കമ്മറ്റി ഇടപെടൽ. ഈ മാസം പതിനഞ്ചാം തീയതി സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ചർച്ച നടക്കും. ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച നടക്കുക. വിഭാഗീയത തുടർന്നാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മിന്റെ അതിവേഗ അനുനയ നീക്കം.
കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഘടകത്തിൽ നിന്നും തരംതാഴ്ത്തിയിരുന്നു. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റിറ്റിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും നടപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തിൽ വയനാട്ടിൽ വലിയ അട്ടിമറിയാണ് സംഭവിച്ചത്. മുൻ ജില്ലാ സെക്രട്ടറിയായ സികെ ശശീന്ദ്രൻ്റെ ഒത്താശയോടെ വോട്ടെടുപ്പിൽ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചാണ് റഫീഖ് അട്ടിമറി നടത്തി പി ഗഗാറിനെ പിന്തള്ളി സെക്രട്ടറിയായതെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here