അപ്പച്ചന്‍ തെറിച്ചു; വയനാട് കോണ്‍ഗ്രസില്‍ ശുദ്ധികലശം തുടങ്ങി

ആദ്യം രാഹുല്‍ ഗാന്ധിയുടെ പിന്നാലെ പ്രിയങ്കഗാന്ധിയുടെ മണ്ഡലം എന്ന നിലയില്‍ വിഐപി പരിവേഷമാണ് വയനാടിന് കോണ്‍ഗ്രസിനുള്ളില്‍ ഉള്ളത്. എന്നാല്‍ ഗ്രൂപ്പ് പോരും ചേരി തിരഞ്ഞുള്ള തമ്മില്‍ തല്ലും കോണ്‍ഗ്രസിന് ഏറെ നാണക്കേട് ആകുന്ന നിലയിലേക്ക് കഴിഞ്ഞ കുറച്ച് നാളായി ഇവിടത്തെ ഡിസിസിയുടെ പ്രവര്‍ത്തനം മാറി. രണ്ടുപേരുടെ ജീവന്‍ പോലും നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളായി. ഇതോടെ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെ രാജിവയ്പ്പിച്ച് ശുദ്ധികലശം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.
പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അപ്പച്ചന്‍ രാജി നല്‍കി. രാജിക്ക് തയാറായില്ലെങ്കില്‍ അപ്പച്ചനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ അദ്ദേഹം സ്വയം രാജിവച്ച് പുറത്തേക്ക് പോയി. പ്രായാധിക്യം കണക്കിലെടുത്ത് പുനസംഘടനയില്‍ അപ്പച്ചനെ മാറ്റും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ആകെ നാണക്കേട് ആകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് വേഗത്തിലുള്ള നടപടി.
വയനാട് കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടു പേരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്‍, പ്രാദേശിക നേതാവ് ജോസ് നല്ലേടം എന്നിവരുടെ ആതമഹത്യകളാണ് അടുത്തിടെ ഉണ്ടായത്. തര്‍ക്കങ്ങള്‍ വലിയ രീതിയില്‍ വര്‍ദ്ധിച്ചതോടെയാണ് ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ട് നടപടി എടുത്തിരിക്കുന്നത്. കൂടാതെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍ ഡിസിസിക്ക് അറിയില്ലെന്നും അതെല്ലാം അവരുടെ ഓഫീസാണ് നിശ്ചയിക്കുന്നതെന്നും അപ്പച്ചന്‍ അടുത്തിടെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതും പാര്‍ട്ടിക്ക് ആകെ നാണക്കേടായി.
വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ നയിക്കേണ്ട ഡിസിസി പ്രസിഡന്റ് തന്നെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറുന്നതാണ് വയനാട്ടില്‍ കണ്ടിരുന്നത്. ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്റെ കുടുംബത്തിന്റെ പരാതികള്‍ പരിഹരിക്കുന്നതില്‍ അപ്പച്ചന് വന്ന വീഴ്ചയാണ് പാര്‍ട്ടിയെ ആകെ നാണക്കേടിലേക്ക് തള്ളിവിട്ടത്. അതുകൊണ്ട് തന്നെയാണ് പുനസംഘടന വരെ കാത്ത് നില്‍ക്കാതെ രാജ് നേതൃത്വം ആവശ്യപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here