ഹേമചന്ദ്രന്റെ മൃതദേഹം കുനിഞ്ഞിരിക്കുന്ന നിലയില്‍; ഒന്നരവര്‍ഷം മുമ്പ് പെണ്‍സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്; മരണകാരണം തേടി പോലീസ്

ഒന്നര വര്‍ഷം മുമ്പ് കാണാതായ വയനാട് പൂമല സ്വദേശി ഹേമചന്ദ്രന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. പോലീസ് പലവഴികളിലൂടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള കുഴിയില്‍ കുനിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കേരള, തമിഴ്‌നാട് പൊലീസിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ അല്ല മൃതദേഹമുളളത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പഴക്കം, മരണ കാരണം എന്നിവ വ്യക്തമാകൂ. ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം സംബന്ധിച്ച് വിവരം ലഭിച്ചത്.

2024 മാര്‍ച്ച് 20 ന് പെണ്‍സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് ഹേമചന്ദ്രന്‍ മായനാട് നടപ്പാലത്തെ വാടകവീട്ടില്‍ നിന്നും പുറത്തു പോയത്. പീന്നീട് ഒരു വിവരവും ഇല്ലായിരുന്നു. ഇതോടെ ഏപ്രില്‍ ഒന്നിന് ഭാര്യ സുബിഷ പോലീസില്‍ പരാതി നല്‍കി. ആദ്യഘട്ട അന്വേഷണത്തില്‍ വിവരമൊന്നും കിട്ടിയില്ല. വിശദ അന്വേഷണത്തില്‍ നിരവധി പേരുമായി ഇയാൾ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി.

ഈ വിവരങ്ങളും കോള്‍ റെക്കോര്‍ഡുകളും കേന്ദ്രീകരിച്ചുളള പരിശോധനയിലാണ് പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചത്. നൗഷാദ് എന്നയാള്‍ക്കു വേണ്ടിയാണ് കൊലപാതകം നടത്തിയത്. പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ പിടിയിലായവര്‍ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചവരാണ്. മൃതദേഹം ഹേമചന്ദ്രന്റേതാണ് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top