‘ഞങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’; വെല്ലുവിളിച്ച കുറ്റവാളികൾക്ക് മറുപടിയുമായി ഇന്ത്യ

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക കുറ്റവാളികളായ ലളിത് മോദിയും വിജയ് മല്യയും ഒന്നിച്ച് നിന്ന് സർക്കാരിനെ പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടിയ എല്ലാവരെയും രാജ്യത്ത് തിരികെ എത്തിക്കുമെന്നും വിചാരണ നേരിടേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയാണ് വിജയ് മല്യക്കൊപ്പം നിൽക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘ഞങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് പിടികിട്ടാപ്പുള്ളികൾ’ എന്ന് ലളിത് മോദി വീഡിയോയിൽ പറയുന്നത് കേൾക്കാം. ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ പിന്നീട് നീക്കം ചെയ്തുവെങ്കിലും ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ‘ഇന്ത്യയിലെ നിയമസംവിധാനത്തിന് മുന്നിൽ ഹാജരാകേണ്ട കുറ്റവാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സർക്കാർ പൂർണ്ണ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. നിയമപരമായ നൂലാമാലകൾ പല കേസുകളിലും ഉണ്ടെങ്കിലും ഇവരെ തിരികെ എത്തിച്ചു വിചാരണ നടത്തുക തന്നെ ചെയ്യും,’ എന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് 2010ലാണ് ലളിത് മോദി രാജ്യം വിട്ടത്. 2019ൽ ഇയാളെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. കിംഗ് ഫിഷർ എയർലൈൻസിന്റെ പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയോളം വായ്പ എടുത്ത് തിരിച്ചടക്കാതെ 2016ൽ ലണ്ടനിലേക്ക് കടക്കുകയായിരുന്നു വിജയ് മല്യ. 2019ൽ മല്യയെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുകെയിൽ ആഡംബര ജീവിതം നയിക്കുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വരാറുണ്ട്. ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ വർഷങ്ങളായി തുടർന്നു വരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top