ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന പിണറായിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രതിരോധിക്കാന്‍ യുഡിഎഫ് ഏറെ വിയര്‍ക്കും

ക്ഷേമപെന്‍ഷനില്‍ 400 രൂപയുടെ വമ്പന്‍ വര്‍ദ്ധന പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം എന്ന പ്രതിരോധം മാത്രമാണ് ഈ പ്രഖ്യാനപനത്തെ നേരിടാന്‍ പ്രതിപക്ഷം ഉന്നയിക്കുന്നത്. കൂടാതെ 2500 രൂപ നല്‍കും എന്ന് പ്രകടനപത്രികയില്‍ പറഞ്ഞ പിണറായി സര്‍ക്കാര്‍ നാലര വര്‍ഷം ഒന്നും ചെയ്തില്ലെന്നും, ഇപ്പോള്‍ 400 രൂപയുടെ വര്‍ദ്ധന മാത്രം വരുത്തി എന്നും പറഞ്ഞ് രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

ഭരണമാറ്റം ഉണ്ടാകും എന്നും അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത ഇരിക്കട്ടെ എന്ന ചിന്തയാണെന്നും പറഞ്ഞ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നത്. വര്‍ദ്ധനയെ സ്വാഗതം ചെയ്യാനോ എതിര്‍ക്കാനോ കഴിയാത്ത വിഷമഘട്ടത്തിലാണ് പ്രതിപക്ഷം എന്നത് വ്യക്തമാണ്. എന്നും ക്ഷേമ പെന്‍ഷന്‍ യുഡിഎഫിനും കോണ്‍ഗ്രസിനും തീരാതലവേദനയാണ്. 18 മാസം ക്ഷേമപെന്‍ഷന്‍ കുടിശികയാക്കിയവര്‍ എന്ന പഴി സിപിഎം സമര്‍ത്ഥമായി കോണ്‍ഗ്രസിനുമേല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് തരാതരം പോലെ ഉയര്‍ത്തിവിടാറുമുണ്ട്.

ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ വിതരണം ചെയ്ത് കഴിഞ്ഞു. ഒരു മാസത്തെ കുടിശിക മാത്രമാണ് ഇനി നിലവിലുള്ളതും. അടുത്ത മാസം മുതല്‍ രണ്ടായിരം രൂപ ലഭിക്കും എന്നത് സാധാരണക്കാരായ ജനങ്ങളെ വല്ലാതെ ആകര്‍ഷിക്കും എന്ന് ഉറപ്പാണ്. ഇതുതന്നെയാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതും. അതുകൊണ്ടാണ് മറ്റ് എല്ലാ കാര്യത്തിലും പരസ്പരം തമ്മില്‍ തല്ലുകയാണെങ്കിലും പെന്‍ഷന്‍ വര്‍ദ്ധ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ളതാണെന്ന് ഒരേ ശബ്ദത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതില്‍ ജനം എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top