ക്ഷേമപെൻഷൻ 1600ൽ നിന്ന് 1800ലേക്ക്; ഉടൻ പരിഗണിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തെ ക്ഷേമപെൻഷൻ വർധിപ്പിക്കാനൊരുങ്ങി സർക്കാർ. പ്രതിമാസം 200 രൂപ കൂട്ടാനാണ് ആലോചന. 1600 രൂപയായ ക്ഷേമപെൻഷൻ 1800ലേക്ക് ഉയർത്താനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് നടപ്പാക്കും എന്നാണ് വിവരം.
എൽഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ക്ഷേമപെൻഷൻ. ഘട്ടം ഘട്ടമായി 2500 രൂപയാക്കും എന്നും പറഞ്ഞിരുന്നു. 2021ൽ 1600 രൂപയാക്കിയതിന് ശേഷം പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വർദ്ധനവ് ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോൾ പെൻഷൻ കൂട്ടാൻ തീരുമാനിക്കുന്നത്.
200 രൂപ കൂട്ടി 1800 രൂപയാക്കാൻ ഉള്ള നിർദ്ദേശമാണ് ഇപ്പോൾ സജീവ പരിഗണനയിൽ ഉള്ളത്. കൂടാതെ ഒരു മാസത്തെ കുടിശിക തീർത്തു കൊടുക്കാനും തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിനോടൊപ്പം തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധനവിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒരു മാസം 900 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. 200രൂപ കൂട്ടുന്നതോടെ ഏകദേശം 1000 കോടി ഒരുമാസം ചിലവ് വരും. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതോടെ ധനവകുപ്പിന് അധിക ബാധ്യതയാണ് ഉണ്ടാവുക. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇങ്ങനെയൊരു വർദ്ധനവ് ഉണ്ടായാൽ അത് തീർച്ചയായും സർക്കാരിന് ഗുണമുണ്ടാക്കുമെന്നതിൽ സംശയമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here