സിപിഎം ഏറ്റെടുക്കുന്ന കേന്ദ്രപദ്ധതി ‘പിഎം ശ്രീ’ എന്താണ്? സിപിഐയുടെ എതിർപ്പ് എൽഡിഎഫിൽ പുകയുമ്പോൾ…

പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിലപാട് ഇടതുമുന്നണിയെ ആകെ പിടിച്ചുലയ്ക്കുന്നു. കേന്ദ്രത്തിന്റെ നയങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഈ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി മന്ത്രി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് മുന്നണിയുടെ നിലനില്‍പ്പിന് തന്നെ ദോഷമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേയ്ക്ക് കാര്യങ്ങള്‍ ഒരുവിധം അനുകൂലമായി കൊണ്ടുവന്നുകൊണ്ടിരിക്കുന്ന വേളയില്‍ ശിവന്‍കുട്ടി സ്വീകരിക്കുന്ന ഈ നിലപാട് വിപരീതഫലം ഉണ്ടാക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.

Also Read: ദൈവവിശ്വാസികളേ മടിക്കാതെ കടന്നുവരൂ, നിങ്ങളാണ് നമ്മുടെ ഐശ്വര്യമെന്ന് സിപിഎം!! തിരഞ്ഞെടുപ്പ് കാലത്ത് പുതിയ വെളിപാടുമായി പാർട്ടി സെക്രട്ടറി

വിദ്യാഭ്യാസമേഖലയില്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നതും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനങ്ങളെ തമസ്‌ക്കരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതുമാണ് പി.എം. ശ്രീ പദ്ധതിയെന്നാണ് സി.പി.ഐയുടെയും മറ്റും നിലപാട്. സി.പി.എമ്മിനും ഇതേ നിലപാട് തന്നെയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന നിലപാട് മുന്നണിയും മന്ത്രിസഭായോഗവും കൈകൊണ്ടതും. ഇപ്പോള്‍ അതിനെ മറികടന്ന് 1400 കോടിയോളം രൂപ നഷ്ടപ്പെടാതിരിക്കാനായി പദ്ധതി ഏതുവിധം നടപ്പാക്കാമെന്ന ആലോചനയിലാണ് മന്ത്രിയും വകുപ്പും. ഇതിനെതിരെ സി.പി.ഐ. രംഗത്തുവന്നിട്ടുണ്ട്. സി.പി.എമ്മിനുള്ളിലും വിഭിന്ന അഭിപ്രായമാണുള്ളത്.

Also Read: പിഎം ശ്രീയില്‍ പതിവില്ലാത്ത കടുത്ത നിലപാടില്‍ സിപിഐ; ചര്‍ച്ച ചെയ്യാമെന്ന് സിപിഎം; ഇനി മിണ്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

നേരത്തെ നടപ്പാക്കിയ സര്‍വശിക്ഷാ അഭിയാനാണ് പി.എം. ശ്രീ എന്ന പേരില്‍ പുതുതായി വരുന്നത്. ഇതില്‍ സ്‌കൂളുകളും മറ്റും ബ്രാന്‍ഡ് ചെയ്യുകയും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം നടപ്പാക്കുകയും വേണം. ഇത് അംഗീകരിച്ച് കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ ഫണ്ട് ലഭിക്കൂ. വിസമ്മതിച്ച് മാറിനിന്നതിനാൽ രണ്ടുവര്‍ഷത്തിനിടെ ലഭിക്കേണ്ടിയിരുന്ന 1400 കോടിയില്‍ പരം രൂപ നഷ്ടമാകുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെയും വകുപ്പിന്റെയും നിലപാട്. ഇത് നഷ്ടപ്പെടാതെ വാങ്ങിയെടുക്കണമെന്നും അദ്ദേഹം പറയുന്നു. പദ്ധതിയില്‍ കേരളത്തിന് ഹിതകരമല്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നടപ്പാക്കാതിരിക്കാനുള്ള വഴി ആലോചിക്കാമെന്നാണ് ശിവന്‍കുട്ടിയുടെ വാദം.

Also Read: നികുതി അടയ്ക്കില്ലെന്ന് യൂസഫലിയുടെ ലുലുമാള്‍; സഹായിച്ച് സിപിഎം ഭരണസമിതി; കോര്‍പറേഷന് വന്‍ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

എന്നാല്‍ പണത്തിനായി കരാര്‍ ഒപ്പിട്ടാല്‍ വല്ലാത്ത കുരുക്കിലായിരിക്കും ചെന്നുപെടുകയെന്ന മുന്നറിയിപ്പാണ് സി.പി.ഐയും സി.പി.എമ്മിലെ ഒരു വിഭാഗവും നല്‍കുന്നത്. പിന്നീട് കേന്ദ്രം പറയുന്നതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രം പുതുതായി ആവിഷ്‌ക്കരിച്ചിട്ടുള്ള വിദ്യാഭ്യാസനയത്തെ ഇടതുപാര്‍ട്ടികളെല്ലാം ശക്തമായി എതിര്‍ക്കുകയാണ്. അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് ഇടതു വിലയിരുത്തൽ. രാജ്യത്തിന്റെ ചരിത്രത്തേയും ശാസ്ത്രവളര്‍ച്ചകളേയും നിരാകരിക്കാനുള്ള ശ്രമം വിദ്യാഭ്യാസമേഖലയില്‍ വ്യാപിപ്പിക്കുന്ന വേളയില്‍ ഈ പദ്ധതിയുടെ ഭാഗമായാല്‍ കേരളത്തിനും അതൊക്കെ നടപ്പാക്കേണ്ടി വരുമെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.

Also Read: ‘ഈർക്കിൽ’ പാർട്ടികൾക്ക് പോകണമെങ്കിൽ പോകാമെന്നു സിപിഎം; എൽഡിഎഫ് സീറ്റ് വിഭജനം കടുപ്പമാകും

അതുകൊണ്ടുതന്നെ ഒരുകാരണവശാലും പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് അവര്‍. ധനവകുപ്പ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തിന് കേന്ദ്രം ഏകദേശം 2 ലക്ഷം കോടി രൂപയാണ് നിഷേധിച്ചിട്ടുള്ളത്. അത്രയും വലിയൊരു വിഹിതം നഷ്ടപ്പെടുത്തുമ്പോള്‍ വെറും 1400ല്‍ പരം കോടി രൂപയ്ക്കായി കേരളത്തിന്റെ പ്രത്യേകിച്ച് ഇടതു നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുന്നിടത്തോളം കാലം ഇത് അനുവദിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് ഇത്തവണ സി.പി.ഐ.

Also Read: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സിപിഎം; സമവായ ശ്രമങ്ങൾക്ക് ശിവൻകുട്ടി നേരിട്ടിറങ്ങി

ലൈഫ്മിഷന്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡിംഗ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പദ്ധതിക്കുള്ള ധനസഹായം നിഷേധിച്ചു. നെല്ല് സംഭരിച്ചതിന് ഉള്‍പ്പെടെ കോടികള്‍ കേന്ദ്രം നല്‍കാനുണ്ട്. അതൊക്കെ എന്തെങ്കിലും വീഴ്ചകള്‍ വന്നിട്ടാണോയെന്ന് ഓര്‍ക്കണമെന്ന് സി.പി.ഐ പറയുന്നു. എന്നാല്‍ ആരോഗ്യമേഖലയിലും മറ്റും ഇത്തരത്തിലുള്ള ബ്രാന്‍ഡിംഗ് നടപ്പാക്കി കേന്ദ്ര ഫണ്ട് സ്വീകരിച്ചതാണ് വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രണ്ടും രണ്ടാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ആരോഗ്യ മേഖലയിലേത് പോലെയല്ല വിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഇടപെടൽ; ഇത് ഗുരുതരമാണ്, വളര്‍ന്നുവരുന്ന തലമുറയില്‍ വിഷം നിറയ്ക്കുന്നതാണ് എന്നാണ് വാദം.

Also Read: ഷാഫിയുടേത് ‘ചുവപ്പുമഷി’ പ്രയോഗമെന്ന് സിപിഎം ആക്ഷേപം; ശിവദാസമേനോന്റെ ചോര വാരി ഷർട്ടിൽ തേച്ച നേതാവിനെ അറിയാമോ?

ഭരണഘടനയില്‍ ഫെഡറല്‍ വ്യവസ്ഥ എഴുതിവച്ചിട്ടുള്ള നമ്മുടെ രാജ്യത്ത് യൂണിയന്‍ സര്‍ക്കാര്‍ ഇങ്ങനെ ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ മുട്ടില്‍ ഇഴയുകയല്ല വേണ്ടത്. നിയമപരമായി നേരിടണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് മാത്രമല്ല എതിര്‍പ്പുള്ളത്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങള്‍ക്കും ഇതില്‍ വിയോജിപ്പുണ്ട്. ഇതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. അത്തരത്തിലെ ആര്‍ജ്ജവമുള്ള നടപടികളാണ് ഇടതുസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് എന്നാണ് സി.പി.ഐയുടെ നിലപാട്.

Also Read: ദുരൂഹതകള്‍ മാറാതെ നവീന്‍ ബാബുവിന്റെ വേര്‍പാട്; മഞ്ജുഷയേയും മക്കളേയും വഞ്ചിച്ച് സിപിഎം; രാഷ്ട്രീയത്തില്‍ സജീവമായി ദിവ്യ

നേരത്തെയും ഈ വിഷയം ഉയര്‍ന്നുവന്നപ്പോൾ മുന്നണിയും മന്ത്രിസഭയും ചര്‍ച്ചചെയ്ത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. തിരഞ്ഞെടുപ്പുകള്‍ അടുത്തപ്പോൾ അത് മറികടന്ന് പോകാൻ ശിവന്‍കുട്ടിക്ക് മനംമാറ്റമുണ്ടായതിന് കാരണം സി.പി.എമ്മില്‍ നിന്നും ഉയരുന്നുണ്ട്. സി.പി.ഐ. വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തിരിക്കെ വിഷയം സങ്കീര്‍ണ്ണമാകുകയാണ്. പന്ത് ഇനി മുഖ്യമന്ത്രി പിണറായി വിജയന്റെ കോര്‍ട്ടിലാണ്. അദ്ദേഹമാണ് വിഷയത്തില്‍ ഇലയ്ക്കും മുള്ളിനും കേടുണ്ടാകാത്ത വിധം തീരുമാനം എടുക്കേണ്ടത്. അത് അദ്ദേഹത്തില്‍ നിന്നുണ്ടാകുമെന്ന് തന്നെ സി.പി.ഐയും കരുതുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top