ഗാന്ധി മുതൽ മോദി വരെ; ഇന്ത്യയുടെ പലസ്തീൻ നയതന്ത്രം

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെടി നിർത്തലിന് ആഹ്വനം ചെയ്തതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ ബോംബ് ആക്രമണം. ഗാസ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിൽ നടന്ന അക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തിട്ടല്ലാതെ ആക്രമണം നിർത്തില്ല എന്ന് ഇസ്രായേൽ ഭരണാധികാരി ബെഞ്ചമിൻ നെതന്യാഹു മുന്നേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒരു നൂറ്റാണ്ടായി തുടരുകയാണ് ഈ സംഘർഷങ്ങൾ.
ചോരയിൽ കുതിർന്ന ഭൂതകാലം, ഭൂരിഭാഗം ലോകരാജ്യങ്ങളും ഒരു രാജ്യമായി അംഗീകരിച്ചെങ്കിലും സ്വന്തമായി ഒരു രാഷ്ട്രമായി മാറാൻ കഴിയാത്ത രാജ്യം, ഭൂപടത്തിൽ പോലും ഇടമില്ലാത്ത പലസ്തീൻ. ആ ജനതയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യം ലോക മനസ്സാക്ഷിയെ വേട്ടയാടുകയാണ്. സമാധാനത്തിന് വേണ്ടിയുള്ള ഓരോ ശ്രമവും പാതിവഴിയിൽ നിലയ്ക്കുമ്പോൾ, ആ ജനതയുടെ സ്വപ്നം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രം എന്ന അവരുടെ ലക്ഷ്യം ഇനി യാഥാർത്ഥ്യമാകുമോ? ഇന്നത്തെ സാഹചര്യത്തിൽ, എന്താണ് പലസ്തീൻ്റെ ഭാവി? നമുക്ക് നോക്കാം.
Also Read : ‘സ്വതന്ത്ര പലസ്തീൻ യാഥാർത്ഥ്യമാകില്ല’; ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് നെതന്യാഹു
ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. ട്രംപിൻ്റെ 20 ഇന സമാധാന നിർദ്ദേശത്തെ തുടർന്ന് വെടിനിർത്തൽ സാധ്യമായാലും പലസ്തീനിലെ അസ്വസ്ഥകൾക്ക് ശമനമുണ്ടാകില്ല. ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ്. ഹമാസ് ദുർബലമാവുകയാണെങ്കിൽ പലസ്തീനിൽ രാഷ്ട്രീയ ശൂന്യത ഉണ്ടാകും. ആ ശൂന്യത നികത്താൻ ആര് വരും എന്നതിനെ ആശ്രയിച്ചിരിക്കും പലസ്തീന്റെ ഭാവി. വെടിയൊച്ചകളും നിലവിളികളും മുഴങ്ങി കേൾക്കുന്ന പലസ്തീൻ എന്ന രാജ്യത്തെ കുറിച്ച് ഇന്ത്യക്കെന്നും കൃത്യമായ നിലപാട് ഉണ്ടായിരുന്നു.

ഇന്ത്യയുടെ പലസ്തീൻ നിലപാടിന് അടിത്തറയിട്ടത് മഹാത്മാഗാന്ധിയാണ്. 1938-ൽ ഹരിജൻ മാസികയിൽ ഗാന്ധി ഇങ്ങനെയെഴുതി. “ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതോ ഫ്രാൻസ് ഫ്രഞ്ചുകാരുടേതോ ആയതുപോലെ തന്നെ പലസ്തീൻ അറബികളുടേതാണ്”. സ്വാതന്ത്ര്യാനന്തരം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഈ നിലപാട് തുടർന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കായി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ശക്തമായി വാദിച്ചു. ചേരിചേരാ പ്രസ്ഥാനത്തിൻ്റെ (NAM) പ്രധാന സ്ഥാപകരിലൊരാളായിരുന്ന നെഹ്‌റു, പലസ്തീൻ വിമോചന പ്രസ്ഥാനമായി (Palestine Liberation Organization) അംഗീകരിക്കപ്പെടുകയും പലസ്തീനിലെ വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്ന പി.എൽ.ഒയെ അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.

വർഷങ്ങൾക്കിപ്പുറം പലസ്തീൻ വിഷയത്തിൽ ഇന്ത്യ തന്ത്രപരമായ നയതന്ത്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. de-hyphenation policy അഥവാ ‘സമനില നയം’. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ കൃത്യമായി നിലപാടെടുക്കുകയും വാണിജ്യ വ്യാപാര ബന്ധങ്ങളിൽ അത് പ്രതിഫലിപ്പിക്കാതെയുമരിക്കുന്ന തന്ത്രപൂർവ്വമായ നയതന്ത്ര രീതിയാണത്. ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുമ്പോൾ തന്നെ, പലസ്തീൻ ജനതയുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ഇന്ത്യ ഇന്നും ശബ്ദമുയർത്തുന്നു.
പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ഇപ്പോഴും ‘ദ്വിരാഷ്ട്ര പരിഹാരം’ (Two-State Solution) തന്നെയാണ്. ‘സ്വതന്ത്രവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം’ സ്ഥാപിക്കപ്പെടണം എന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിലും മറ്റ് വേദികളിലും ഉറച്ച നിലപാട് സ്വീകരിച്ചു.
പക്ഷെ ഇസ്രായേലിലെ തീവ്രവലതുപക്ഷ നേതാക്കളും, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദ്വിരാഷ്ട്ര പരിഹാരത്തെ ശക്തമായി എതിർക്കുന്നു. ആഭ്യന്തര രാഷ്ട്രീയത്തിലെ ഭിന്നതകളും പലസ്തീൻ്റെ ഭാവിയെ ഇരുളിലാക്കുന്നു. ഗാസ നിയന്ത്രിക്കുന്ന ഹമാസും വെസ്റ്റ് ബാങ്കിലെ പലസ്തീൻ അതോറിറ്റിയും (PA) തമ്മിലുള്ള ആശയപരമായ വ്യത്യാസം സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കങ്ങൾക്ക് തടസമായി നില നിൽക്കുന്നു.
അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്ന ഒരു താൽക്കാലിക സാങ്കേതിക സമിതിയുടെ (Technocratic Committee) ഭരണമോ, അതല്ലെങ്കിൽ പരിഷ്കരിച്ച പലസ്തീൻ അതോറിറ്റിയുടെ തിരിച്ചുവരവോ? എന്താകും രാജ്യത്തിന്റെ ഭാവിയെന്ന ചോദ്യത്തിന് പലസ്തീൻ നേതൃത്വത്തിനിടയിൽ പോലും സമവായമില്ല.
എന്തായാലും ഇസ്രായേൽ-പലസ്തീൻ സംഘർഷം സൈനിക വിജയത്തിലൂടെ അവസാനിക്കില്ല, മറിച്ച് ഒരു രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന സ്വപ്നം പൂവണിയൂ. ലോകമനസ്സാക്ഷിയുടെ സമ്മർദ്ദവും, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നയതന്ത്രപരമായ ഇടപെടലുകളും ഈ ലക്ഷ്യത്തിലേക്ക് വഴി തുറക്കുമോ എന്ന് കാത്തിരുന്ന് കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here