ആരാണ് അവിവ ബെയ്‌ഗ്? ഗാന്ധി കുടുംബത്തിലെ പുതിയ മരുമകളെ കുറിച്ചറിയാം!

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ് സോഷ്യൽ മീഡിയ. അവിവ ബെയ്‌ഗ് ആണ് ഗാന്ധി കുടുംബത്തിലേക്ക് പുതുതായി എത്തുന്ന ആ വധു.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് അവിവ. ഫോട്ടോഗ്രാഫി സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയുമായ ‘അറ്റലിയർ 11’ (Atelier 11)ന്റെ സഹസ്ഥാപകയാണ്. ഡൽഹിയിലെ മോഡേൺ സ്കൂളിലായിരുന്നു പഠനം. പിന്നീട് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടി.

അവിവയുടെ കുടുംബം വർഷങ്ങളായി ഗാന്ധി കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. റൈഹാനും അവിവയും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലാണ്. ഇരുവരും ഫോട്ടോഗ്രാഫിയിലും കലയിലും താൽപ്പര്യമുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. ‘ക്രിയേറ്റീവ് ജോഡി’ എന്നുതന്നെ ഇരുവരെയും വിശേഷിപ്പിക്കാം.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപ്പോലെ തന്നെ ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള വ്യക്തിയാണ് റൈഹാൻ വദ്രയും. റൈഹാൻ വന്യജീവികളെയും തെരുവുകളെയും ക്യാമറയിൽ പകർത്തുമ്പോൾ, അവിവ ഫാഷൻ, ബ്രാൻഡിംഗ് മേഖലകളിലാണ് സജീവം. കലാരംഗത്ത് പ്രവർത്തിക്കുന്ന ഈ ജോഡികളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here