സംസ്ഥാനങ്ങൾ അമിതമായി കടമെടുക്കുന്നു; പലിശഭാരം സാധാരണക്കാരന്റെ തലയിൽ; കേന്ദ്ര സാമ്പത്തിക സർവേയിൽ താക്കീത്

ഇന്ത്യയിൽ വായ്പകൾക്ക് ഉയർന്ന പലിശനിരക്ക് നൽകേണ്ടി വരുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരുകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക കമ്മി ആണെന്ന് 2026-ലെ സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രമിക്കുമ്പോഴും സംസ്ഥാനങ്ങളുടെ അമിതമായ കടമെടുപ്പ് രാജ്യത്തെ പൊതുവായ പലിശനിരക്കിനെ താഴേക്ക് വരാൻ അനുവദിക്കുന്നില്ലെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. പല സംസ്ഥാനങ്ങളും തങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ തുക ചിലവഴിക്കുകയും അത് നികത്താൻ വിപണിയിൽ നിന്ന് വലിയ തോതിൽ കടമെടുക്കുകയും ചെയ്യുന്നു. സർക്കാർ വിപണിയിൽ നിന്ന് കൂടുതൽ കടമെടുക്കുമ്പോൾ സ്വാഭാവികമായും പലിശനിരക്ക് ഉയർന്നുതന്നെ നിൽക്കും. സർക്കാരുകൾ വിപണിയിലെ പണം വൻതോതിൽ കടമെടുക്കുന്നത് സ്വകാര്യ മേഖലയ്ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു. ഇത് രാജ്യത്തെ വ്യാവസായിക നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ഉൽപ്പാദനപരമായ മേഖലകളിൽ നിക്ഷേപിക്കുന്നതിന് പകരം സൗജന്യങ്ങൾക്കും മറ്റ് ജനപ്രിയ പദ്ധതികൾക്കുമായി സംസ്ഥാനങ്ങൾ പണം ചിലവഴിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാക്കുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ കാരണം വായ്പകൾ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ മുൻകരുതൽ എടുക്കുന്നു. ഇത് സാധാരണക്കാരുടെ ഭവന വായ്പകൾ, വാഹന വായ്പകൾ എന്നിവയുടെ പലിശ നിരക്ക് കുറയാത്തതിന് കാരണമാകുന്നു. സംസ്ഥാനങ്ങൾ സാമ്പത്തിക കമ്മി കുറയ്ക്കണമെന്നും കടമെടുപ്പിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെട്ടാൽ മാത്രമേ റിസർവ് ബാങ്കിന് പലിശനിരക്ക് ഫലപ്രദമായി കുറയ്ക്കാൻ സാധിക്കൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here