അറബ് രാജ്യങ്ങൾ അമേരിക്കയ്‌ക്കൊപ്പം; പലസ്തീനെ കൈവിടാതെ ഇന്ത്യ

ലോകം 2026-ലേക്ക് കടക്കുമ്പോഴും ഗാസയിൽ നിന്നും കേൾക്കുന്നത് ആശ്വാസത്തിന്റെ വാർത്തകളല്ല. രണ്ട് വർഷത്തിലധികം നീണ്ട യുദ്ധം ഒരു ജനതയെ മുഴുവൻ വഴിയാധാരമാക്കിയിരിക്കുന്നു. വിദ്യാലയങ്ങളില്ല, ആശുപത്രികളില്ല, സ്വന്തമെന്ന് പറയാൻ ഒരു തുണ്ട് മണ്ണുപോലുമില്ലാതെ ലക്ഷക്കണക്കിന് പലസ്തീനികൾ ഇന്നും പ്ലാസ്റ്റിക് ടെന്റുകളിൽ ജീവിതം തള്ളിനീക്കുകയാണ്.

എന്നാൽ ഈ കത്തുന്ന ചാരത്തിന് മുകളിൽ പുതിയൊരു പീസ് പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനം എന്ന സുന്ദരമായ പേരിൽ ട്രംപ് അവതരിപ്പിച്ച ‘ഗാസ ബോർഡ് ഓഫ് പീസ്’ എന്ന സംവിധാനം ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാണ്. സൗദി, യുഎഇ, ഈജിപ്ത്, ഖത്തർ, തുർക്കി, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നീ എട്ട് പ്രമുഖ മുസ്ലീം രാജ്യങ്ങൾ പലസ്തീനിലെ മാനുഷിക ദുരന്തത്തിന് അടിയന്തര പരിഹാരം കാണുക എന്ന കാരണം മുൻ നിർത്തി ഇതിൽ പങ്കാളികളാകാൻ സമ്മതിച്ചു കഴിഞ്ഞു. പക്ഷേ ഇന്ത്യ ഈ നീക്കത്തോട് മുഖം തിരിക്കുകയാണ്. സമാധാന ശ്രമങ്ങൾ എന്ന് കേൾക്കുമ്പോൾ എപ്പോഴും മുന്നിൽ നിൽക്കുന്ന ഇന്ത്യ, ട്രംപിന്റെ ഈ ക്ഷണത്തിന് മുന്നിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് നോക്കാം.
Also Read : ഗാന്ധി മുതൽ മോദി വരെ; ഇന്ത്യയുടെ പലസ്തീൻ നയതന്ത്രം
ഈ ബോർഡിൽ പാകിസ്ഥാന്റെ സാന്നിധ്യം ഉറപ്പാക്കാൻ അമേരിക്ക കാണിക്കുന്ന താല്പര്യം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. സമാധാനത്തിന്റെ പേരിൽ രൂപീകരിക്കുന്ന ഒരു അന്താരാഷ്ട്ര ബോർഡിൽ പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യം സ്ഥിരാംഗമാകുമ്പോൾ, ഭാവിയിൽ കശ്മീർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ഈ ബോർഡിനെ അവർ ആയുധമാക്കിയേക്കാം എന്ന മുൻകരുതൽ ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ടുതന്നെ, കേവലം വിദേശ രാജ്യത്തെ ഒരു സമിതി എന്നതിലുപരി, ഇന്ത്യയുടെ പരമാധികാരത്തെ ബാധിച്ചേക്കാവുന്ന ഒരു ഘടകമായി ഇതിനെ കാണുന്നതുകൊണ്ടാണ് അമേരിക്ക മുന്നോട്ട് വച്ച ഗാസ ബോർഡ് ഓഫ് പീസിൽ നിന്നും നയതന്ത്രപരമായ ഒരു ദൂരം പാലിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് എന്നും സുതാര്യമാണ്. ഇസ്രായേലുമായി നമുക്ക് അടുത്ത പ്രതിരോധ-സാങ്കേതിക ബന്ധമുണ്ടെങ്കിലും, പലസ്തീനിലെ സാധാരണക്കാരുടെ കണ്ണുനീരിന് ഇന്ത്യ എന്നും വിലകൽപ്പിക്കുന്നുണ്ട്. ട്രംപിന്റെ പദ്ധതി പലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്തുകയും ഗാസയുടെ ഭരണം ഒരു ബിസിനസ് ഗ്രൂപ്പിനെ ഏൽപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാൽ ഇന്ത്യ ഇന്നും വിശ്വസിക്കുന്നത് 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം നിലവിൽ വരണമെന്നാണ്. ട്രംപിന്റെ പ്ലാനിൽ പലസ്തീൻ രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് വ്യക്തതയില്ലാത്തത് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നു. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ഇന്ത്യ അമേരിക്കൻ നീക്കത്തെ വിലയിരുത്തുന്നു. അടിച്ചമർത്തപ്പെടുന്നവന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ഇടങ്ങളിൽ നീതിയുടെ പക്ഷത്തുനിൽക്കുക എന്നതാണ് നമ്മുടെ സംസ്കാരം.
Also Read : ഇന്ത്യ പലസ്തീനൊപ്പം; അമേരിക്കയും ഇസ്രായേലും മറു പുറത്ത്
ഗാസയുടെ ഭരണം തിരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ഭരണകൂടത്തിന് നൽകുന്നതിന് പകരം, ട്രംപ് നിയമിക്കുന്ന ഒരു സാങ്കേതിക സമിതിക്ക് നൽകാനാണ് പദ്ധതി. ഇത് പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും പരമാധികാരത്തെയും ഹനിക്കുന്നതാണ്. പലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്തുന്നത് വഴി അവിടുത്തെ രാഷ്ട്രീയമായ അസ്ഥിരത വർദ്ധിക്കാൻ ഇത് കാരണമാകും. പദ്ധതിയുടെ പല വ്യവസ്ഥകളും ഇസ്രായേലിന് അനുകൂലമാണെന്ന ആക്ഷേപമുണ്ട്. പലസ്തീനികൾ പൂർണ്ണമായും ആയുധം ഉപേക്ഷിക്കണമെന്ന് പറയുമ്പോഴും, ഇസ്രായേൽ സൈന്യം എപ്പോൾ പിൻവാങ്ങും എന്ന കാര്യത്തിൽ വ്യക്തതയില്ല. പലസ്തീനികൾ വ്യവസ്ഥകൾ ലംഘിച്ചു എന്ന് പറഞ്ഞ് എപ്പോൾ വേണമെങ്കിലും ഇസ്രായേലിന് ആക്രമണം തുടരാൻ ഈ പ്ലാൻ അവസരം നൽകുന്നു.

കൂടാതെ ട്രംപ് രൂപീകരിച്ച ഈ ബോർഡിന്റെ ചെയർമാൻ ട്രംപ് തന്നെയാണ്. ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കാൻ 100 കോടി ഡോളർ നൽകണം. സമാധാനത്തെ പണം കൊടുത്ത് വാങ്ങാവുന്ന ഒരു ചരക്കായി ട്രംപ് മാറ്റിയിരിക്കുന്നു. അമേരിക്ക എപ്പോഴും ഇസ്രായേലിന് ചൂട്ടുപിടിക്കുകയാണ്. സമാധാനത്തിന്റെ പക്ഷത്താണെന്ന് ലോകത്തോട് പറയുകയും അതേസമയം ഇസ്രായേലിന് ബോംബുകളും മിസൈലുകളും നൽകുകയും ചെയ്യുന്ന രീതിയാണ് അമേരിക്കയുടേത്. പലസ്തീൻ എന്നൊരു രാജ്യം നിലനിൽക്കരുത് എന്ന് ആഗ്രഹിക്കുന്ന തീവ്ര വലതുപക്ഷക്കാരാണ് ഇപ്പോൾ ഇസ്രായേൽ ഭരിക്കുന്നത്. വെസ്റ്റ് ബാങ്ക് പോലും പിടിച്ചെടുത്ത് പലസ്തീൻ ജനതയെ ജോർദാനിലേക്കോ ഈജിപ്തിലേക്കോ നാടുകടത്താനാണ് അവർ ശ്രമിക്കുന്നത്. ഈ നീക്കങ്ങൾക്കെതിരെ അമേരിക്ക ഇതു വരെ ഒരു എതിർ അഭിപ്രായവും ഉയർത്തിയിട്ടുമില്ല.

2026 ജനുവരി 22-ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപ് ഈ ‘ഗാസ ബോർഡ്’ പ്രഖ്യാപിച്ചത്. യുഎഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഈ ചടങ്ങിൽ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ പ്രതിനിധികളും ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അന്താരാഷ്ട്ര നിയമങ്ങളും സ്ഥാപനങ്ങളും ബഹുമാനിക്കപ്പെടണം എന്ന പ്രസ്താവന പുറത്തിറക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ ഈ സമാന്തര സംവിധാനത്തിന് പരോക്ഷ മറുപടിയും നൽകി.
Also Read : മോദിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി; പലസ്തീൻ വിഷയത്തിലെ മൗനം ലജ്ജാകരം
യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ സമിതിയിൽ ഭാഗമായപ്പോൾ ലോകം മുഴുവൻ ഉറ്റുനോക്കിയത് ഇന്ത്യയുടെ നിലപാടായിരുന്നു. ട്രംപ് ഇന്ത്യയെയും ഇതിലേക്ക് ക്ഷണിച്ചു. അമേരിക്കയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചില്ല. പലസ്തീൻ എന്ന രാജ്യത്തിന് അർഹമായ രാഷ്ട്രീയ പദവിയും സ്വാതന്ത്ര്യവും നൽകാത്ത, യുഎന്നിനെ മറികടന്നുള്ള ഒരു സമിതിയിലേക്ക് എടുത്തുചാടി പങ്കാളിയാകുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിന് ചേർന്നതല്ല എന്ന ബോധ്യം നമുക്കുണ്ട്. പലസ്തീൻ ജനതയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നീക്കങ്ങൾക്ക് കണ്ണടച്ച് പിന്തുണ നൽകാൻ ഇന്ത്യ തയ്യാറല്ല. ചുരുക്കത്തിൽ, ട്രംപിന്റെ ഗാസ പീസ് ബോർഡ് ഒരു ബിസിനസ് ഡീൽ മാത്രമായി ഒതുങ്ങുമ്പോൾ, ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത് കോടിക്കണക്കിന് വരുന്ന സാധാരണക്കാരായ പലസ്തീനികളുടെ അന്തസ്സും അസ്തിത്വവുമാണ്. സമാധാനം എന്നത് ആരുടെയെങ്കിലും മേൽക്കോയ്മ ഉറപ്പിക്കാനുള്ള ഉപകരണമല്ല, മറിച്ച് അത് നീതിയുടെ പുലർച്ചയാകണം. ഇന്ത്യയുടെ ഈ മൗനം അതുകൊണ്ടുതന്നെ അങ്ങേയറ്റം അർത്ഥവത്താണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here