തട്ടിപ്പിന്‍റെ ചെമ്പ് തെളിയുന്നു, കേസെടുക്കാതെ പോലീസ്!! അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ വിദ്യയിൽ സിപിഎം ഒളിച്ചുകളിക്കുന്നതെന്ത്?

ശബരിമലയില്‍ ദ്വാരപാലക ശില്പത്തിന്‍റെ പീഠം കാണാതായെന്ന് ആരോപണം ഉന്നയിച്ചത് സ്പോണ്‍സറെന്ന നിലയിൽ അറിയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. പിന്നീടത് അതേ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിലുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തുന്നു. ഇത് ദേവസ്വം ബോർഡിന്‍റെ തിരുവനന്തപുരം സ്ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്തു. എന്നിട്ടും സർക്കാർ കേസെടുക്കാൻ മടിക്കുന്നതിനു പിന്നിൽ കള്ളക്കളിയെന്നു സംശയമുയരുന്നു.

സിപിഎം നേതാക്കളും ദേവസ്വം മുൻ പ്രസിഡന്‍റുമാരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് കൂടുതൽ സംശയത്തിന് ഇടയാക്കുന്നത്. കാണിക്കയായി ലഭിച്ച 30 കിലോയിലധികം സ്വർണ്ണം എങ്ങനെ ചെമ്പായി മാറി, ആരാണ് ഇതിനു പിന്നിൽ, എന്തുകൊണ്ട് നടപടിക്രമങ്ങൾ പാലിച്ചില്ല തുടങ്ങിയ നിർണ്ണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ആരോപണവിധേയർക്കെതിരേ കേസെടുക്കാൻ പോലീസോ വിജിലൻസോ ഇതുവരെ തയ്യാറായിട്ടുമില്ല.

വർഷങ്ങളായി ഇടതുനേതാക്കളുടെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ഭരണസമിതികൾക്കാണ് ശബരിമല ക്ഷേത്രത്തിന്‍റെ ഭരണനിർവഹണ ചുമതല. അതുകൊണ്ടു തന്നെ സിപിഎമ്മിനു കൈയും കഴുകി ഇപ്പോഴത്തെ തട്ടിപ്പിൽനിന്നും വിവാദങ്ങളിൽനിന്നും മാറി നിൽക്കാനാവില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് പുതിയ വിവാദത്തിൽ കേസെടുക്കാത്തതിനു പിന്നിൽ ഒളിച്ചുകളിയെന്ന സംശയമുയരുന്നത്.

1999ൽ സ്വർണം പൂശിയ ദ്വാരപാലക ശില്പങ്ങൾ 20 വർഷം കഴിഞ്ഞ് 2019ൽ എന്തിന് വീണ്ടും സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി എന്ന ചോദ്യത്തിനു സർക്കാരോ ദേവസ്വം ബോർഡോ മറുപടി പറയുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്ന ഭയം സർക്കാരിനുണ്ടെന്നു കരുതണം. 2019ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയക്കുമ്പോൾ സിപിഎo നേതാവ് എ.പത്മകുമാറായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ്.

1998ലാണ് ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. യുബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ് മല്യയാണ് വഴിപാടായി ഇതു സമര്‍പ്പിച്ചത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് സിപിഎം നോമിനിയായിരുന്ന വി.ജി.കെ.മേനോൻ. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം പൊതിയാന്‍ ആകെ 30.3 കിലോഗ്രാം സ്വര്‍ണവും 1900 കിലോ ചെമ്പും ഉപയോഗിച്ചുവെന്ന് അന്നത്തെ പത്രവാര്‍ത്തകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

എന്നാല്‍, 2019ല്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍, സ്വര്‍ണപ്പാളി എന്നല്ല, ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1999ലെ സ്വര്‍ണപ്പാളി 20 വർഷംകൊണ്ട് എങ്ങനെ ചെമ്പുപാളികളായി എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കു മേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.

2019ൽ ദാരുശില്പത്തിൽനിന്ന് അറ്റകുറ്റപ്പണിക്കായി പാളികൾ ഇളക്കിയെടുത്തപ്പോൾ ദേവസ്വം രേഖപ്പെടുത്തിയ മഹസറിൽ ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ വീണ്ടും സ്വർണം പൂശി തിരിച്ചെത്തിച്ചപ്പോൾ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്. അന്നു സ്വർണംപൂശൽ സ്പോൺസർ ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയും തനിക്കു ലഭിച്ചതു ചെമ്പുപാളികളാണെന്നു വിജിലൻസിനു മൊഴി നൽകിയിരുന്നു. അതിന്‍റെ മുകളിൽ സ്വർണം പൂശിയിരുന്നു. നേതാക്കളുടെയും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മൊഴികളിലെല്ലാം ഒരുപാടു പൊരുത്തക്കേടുകളുണ്ട്. ചെമ്പ് തെളിഞ്ഞു വരുന്നതേയുള്ളൂ എന്നു സാരം!

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top