സ്റ്റാലിനെ കണ്ടുപഠിക്കട്ടെ സ്റ്റാലിനിസ്റ്റ് ഭരണാധികാരികൾ!! വിജയിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ഹർജി ഇന്ന് ഹൈക്കോടതിയിൽ

രാഷ്ട്രീയ എതിരാളികളെ വീടുവളഞ്ഞ് അറസ്റ്റു ചെയ്യുകയും, എതിരഭിപ്രായം പറയുന്ന ഉദ്യോഗസ്ഥരെ നടപടിയെടുത്ത് മൂലക്കിരുത്തുകയും ചെയ്യുന്ന ഭരണാധികാരികൾ തമിഴകത്തേക്ക് നോക്കി പഠിക്കേണ്ടി വരും. എതിരാളിയെ നിലംപരിശാക്കാൻ വീണുകിട്ടിയ അവസരം ഉപയോഗിക്കാതെ രാഷ്ട്രീയ തന്ത്രജ്ഞത പുറത്തെടുക്കുന്ന സ്റ്റാലിൻ ശൈലിയുടെ ഗുണം വരും ദിവസങ്ങളിൽ കാണാം.
കരൂർ റാലിയിലെ കൂട്ടക്കുരുതിയുടെ പേരിൽ വിജയിയെ സ്റ്റാലിൻ സർക്കാർ അറസ്റ്റു ചെയ്യുമെന്നും, ടിവികെ പാർട്ടിയെ മുച്ചൂടും മുടിക്കാൻ പണി തുടങ്ങുമെന്നും കരുതിയവർക്ക് തെറ്റി. എഫ്ഐആറിൽ പോലും പേരു ചേർത്ത് വിജയ് ആരാധകരെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചാണ് കലൈഞ്ജർ കരുണാനിധിയുടെ മകൻ എംകെ സ്റ്റാലിൻ കരുക്കൾ നീക്കുന്നത്.
പകരം വിജയിയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് നാട്ടുകാരെ കൊണ്ട് മുഴുവൻ പറയിപ്പിക്കാനാണ് സാഹചര്യം ഒരുക്കുന്നത്. ഇക്കാര്യം ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ എത്തിയ ഹർജിയിൽ സ്വമേധയാ കേസെടുക്കാനും സാധ്യതയുണ്ട്. വിടുതലൈ ചിരുതൈഗൽ കച്ചി നേതാവും എംപിയുമായ തോൽ തിരുമാവളവൻ സർക്കാരിനെതിരെ സമാന വിമർശനം ഉയർത്തിക്കഴിഞ്ഞു.
Also Read: ഇന്ന് വിജയ്, അന്ന് ജയലളിത; കരൂർ ദുരന്തം മഹാമഹം ദുരന്തത്തിന് സമാനം
പാർട്ടിയുടെ താഴത്തട്ടിലുള്ളവർ മാത്രമാണ് പൊലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ ഉള്ളത്. ഇതിൽ രണ്ടുപേരുടെ അറസ്റ്റും നടന്നു. നേതൃനിരയിലെ മറ്റ് പലരും ഭീഷണിയിലുമാണ്. ഈ സ്ഥിതി പാർട്ടിക്കുള്ളിൽ വിജയിയെ ദുർബലപ്പെടുത്തും എന്ന വിലയിരുത്തലുമുണ്ട്. ദുരന്തത്തിന് പിന്നാലെ ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ ജീവനൊടുക്കിയതും ആഘാതമായി.
Also Read: വിജയ് വില്ലനാകുന്നോ? കൊലയാളിയെ അറസ്റ്റ് ചെയ്യാൻ ആഹ്വാനം; ചോര ഒലിക്കുന്ന കൈകളുമായുള്ള പോസ്റ്ററുകൾ
സർക്കാർ പ്രഖ്യാപിച്ച ഏകാംഗ ജുഡീഷ്യൽ കമ്മിഷൻ അരുണാ ജഗദീശൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ കോടതികളിലുളള ഹർജികളുടെ രൂപത്തിലും വിജയിക്ക് കുരുക്ക് വന്നേക്കാം. രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുന്ന ഘട്ടമെത്തിയാലും സർക്കാരിന് കടുത്ത നടപടിയിലേക്ക് നീങ്ങാം. അല്ലാതെ ഇതുപോലൊരു അവസരം സ്റ്റാലിൻ കളഞ്ഞുകുളിക്കുമെന്ന് ആരും കരുതുന്നില്ല.
Also Read: വിജയിനെ അറസ്റ്റു ചെയ്യണം!! ഹാഷ്ടാഗ് ക്യാംപെയ്ൻ; കരൂർ ദുരന്തത്തിൽ മരണം 36 ആയി
സർക്കാർ വേട്ടയാടി എന്ന പ്രതീതിയുണ്ടാക്കി വിജയിക്കും ടിവികെക്കും അനുകൂല തരംഗം ഉണ്ടാക്കാതിരിക്കാൻ സ്റ്റാലിൻ ബോധപൂർവം രണ്ടുചുവട് പിന്നോട്ടുവച്ചു എന്ന് തന്നെയാണ് കാണേണ്ടത്. ഇനി അഥവാ വിജയിയെ സംരക്ഷിക്കാൻ തന്നെ തീരുമാനിച്ചാൽ, അതിനെ രാഷ്ട്രീയമായി എങ്ങനെ മുതലാക്കാമെന്ന് പഠിക്കാൻ എംകെ സ്റ്റാലിന് ഉപദേശികളുടെ ആരുടെയും സേവനം വേണ്ടിവരില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here