ഭാര്യയ്ക്ക് തെരുവുനായ്ക്കളോട് അമിത ഇഷ്ടം; ദാമ്പത്യം തകർന്ന് ഭർത്താവ്; വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

തെരുവുനായ്ക്കളോടുള്ള ഭാര്യയുടെ അമിതമായ ഭ്രമം കാരണം ദാമ്പത്യം തകർന്നു എന്ന് ആരോപിച്ച് 41 വയസ്സുള്ള ഗുജറാത്ത് സ്വദേശിയായ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. ഭാര്യ വീട്ടിൽ തെരുവുനായകളെ വളർത്തുന്നത് കാരണം തന്റെ പൊതുസമൂഹത്തിലെ മാന്യത നഷ്ടപ്പെട്ടെന്നും, ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതായെന്നും കാണിച്ചാണ് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ടത്.
2006ലാണ് ഇവർ വിവാഹിതരായത്. എന്നാൽ താമസിക്കുന്ന സ്ഥലത്തെ നിയമങ്ങൾ ലംഘിച്ച് ഭാര്യ തെരുവുനായയെ വീട്ടിൽ കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പിന്നീട്, വീട് നായകളുടെ താവളമായി മാറി. അവരെ ശുശ്രൂഷിക്കാനും ഭക്ഷണം നൽകാനും വൃത്തിയാക്കാനും ഭാര്യ തന്നെ നിർബന്ധിച്ചതായും ഭർത്താവ് ആരോപിച്ചു. ഒരു തവണ കിടക്കയിൽ നിന്ന് നായയെ മാറ്റാൻ ശ്രമിച്ചപ്പോൾ തനിക്ക് കടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ നായകളുടെ എണ്ണം കൂടിയതോടെ അയൽക്കാരുമായി വഴക്കുണ്ടാവുകയും പൊലീസ് കേസ് വരെയാവുകയും ചെയ്തു.
ഭാര്യ മൃഗാവകാശ ഗ്രൂപ്പിൽ സജീവമായിരുന്നു. മറ്റുള്ളവർക്കെതിരെ കേസുകൾ കൊടുക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഒപ്പം വരാൻ തന്നെയും നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ അപമാനിച്ചു. ഈ സമ്മർദ്ദം തന്നെ മാനസികമായും ശാരീരികമായും തകർത്തെന്നും, ഇത് തന്റെ ലൈംഗിക ശേഷിയെ ഇല്ലാതാക്കിയെന്നും ഭർത്താവ് ആരോപിക്കുന്നു. ഒരിക്കൽ ഭാര്യ റേഡിയോ ജോക്കിയുമായി ചേർന്ന് തനിക്ക് ഒരു വ്യാജ ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രാങ്ക് കോൾ ചെയ്യിപ്പിച്ചു. ഇത് ജോലിസ്ഥലത്തും നാട്ടിലും വലിയ നാണക്കേടുണ്ടാക്കി എന്നും ഭർത്താവ് പറയുന്നു.
2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവാണ് തന്നെ ഉപേക്ഷിച്ചതെന്നും, മൃഗക്ഷേമ പ്രവർത്തനങ്ങളിൽ തന്നെ ഉൾപ്പെടുത്തിയത് അദ്ദേഹമാണെന്നും ഭാര്യ വാദിച്ചു. നായകളുമായി ഭർത്താവ് സ്നേഹത്തോടെ ഇടപഴകുന്ന ചിത്രങ്ങളും ഭാര്യ കോടതിയിൽ ഹാജരാക്കി. ക്രൂരത തെളിയിക്കാൻ സാധിക്കാത്തതിനാലും, പ്രാങ്ക് കോൾ വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് കണ്ടതിനാലും 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളി.
ഇതിനെതിരെയാണ് ദാമ്പത്യം തിരിച്ചുപിടിക്കാനാവാത്ത വിധം തകർന്നു എന്ന് വാദിച്ച് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തു, എന്നാൽ ഭാര്യ 2 കോടി രൂപ ആവശ്യപ്പെട്ടു. കേസ് ഡിസംബർ 1ന് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here