വിജയ് പ്രതിയാകുമോ? കരൂർ ദുരന്തത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ സിബിഐ

കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യെ കേസിൽ പ്രതി ചേർക്കാൻ സാധ്യത. ദുരന്തത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ്‌ക്കെതിരെ ചുമത്തിയേക്കുമെന്നാണ് സൂചന. ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് വിജയ്‌യെ ഇന്ന് സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു. സാക്ഷി എന്ന നിലയിലാണ് വിളിച്ചതെങ്കിലും, പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വിജയ്‌ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. വിജയ്‌ക്കും ടിവികെയ്ക്കും എതിരെ തമിഴ്‌നാട് പോലീസ് സിബിഐക്ക് മൊഴി നൽകി.
റാലിയിൽ ഇത്രയധികം ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പാർട്ടി അധികൃതർ മുൻകൂട്ടി അറിയിച്ചില്ലെന്നും, മുപ്പതിനായിരത്തിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായതെന്നുമാണ് പോലീസിന്റെ വാദം. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും കുറ്റപത്രത്തിൽ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് കരൂർ ദുരന്തക്കേസ് സിബിഐക്ക് കൈമാറിയത്. രാഷ്ട്രീയ പരിപാടി എന്നതിലുപരി വിജയ് എന്ന താരത്തെ കാണാൻ എത്തിയ ജനക്കൂട്ടമാണ് അപകടത്തിലേക്ക് നയിച്ചതെന്നും, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്നുമാണ് പ്രാഥമിക കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here