ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ആവശ്യപ്പെട്ടത് 5 കോടി; പോയി പണി നോക്കാൻ കോടതി

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് വേർപിരിയണമെന്ന ആവശ്യവുമായി ഭാര്യ കോടതിയെ സമീപിച്ചത്. ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടിയായിരുന്നു. ഈ അവശ്യത്തെ കോടതി രൂക്ഷമായാണ് വിമർശിച്ചത്. ഭാര്യയുടെ ആവശ്യം അമിതമാണെന്നും ഇത് പിൻവലിച്ചില്ലെങ്കിൽ വളരെ കഠിനമായ ഉത്തരവുകൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 5 ന് വീണ്ടും ചർച്ചകൾക്കായി സുപ്രീം കോടതി മീഡിയേഷൻ സെന്ററിലേക്ക് മടങ്ങാൻ ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇരു കക്ഷികളോടും നിർദ്ദേശിച്ചു. ഭാര്യയുടെ നിലപാട് ഇതാണെങ്കിൽ, അവർക്ക് ഇഷ്ടപ്പെടാത്ത ചില ഉത്തരവുകൾ നമുക്ക് പാസാക്കേണ്ടി വന്നേക്കാം. അവർ ന്യായമായ ഒരു ആവശ്യം ഉന്നയിക്കുകയും ഈ വ്യവഹാരം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ജസ്റ്റിസ് പർദിവാല വാദം കേൾക്കുന്നതിനിടെ പറഞ്ഞത്.
വിവാഹ ബന്ധം കഷ്ടിച്ച് ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന് ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുമായി അനുരഞ്ജന ചർച്ചകൾക്ക് ശ്രമിക്കരുതെന്നും ഭർത്താവിനെ കോടതി ഉപദേശിച്ചു. ഭാര്യയെ തിരികെ വിളിക്കുന്നതിലൂടെ നിങ്ങൾ വീണ്ടും തെറ്റ് ചെയ്യുകയാണ്. ഇങ്ങനെയൊരു സ്ത്രീയോടൊപ്പം നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് പർദിവാല അഭിപ്രായപ്പെട്ടു.
ആമസോണിൽ ജോലി ചെയ്യുന്ന എഞ്ചിനീയറായ ഭർത്താവ് ഒത്തുതീർപ്പായി 40 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതെല്ലം ഭാര്യ നിരസിക്കുകയായിരുന്നു. തർക്കം എത്രയും പെട്ടന്ന് തീർക്കാനും കോടതി അവരോടു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here