ഹോട്ടൽ മുറി തെറ്റി വാതിലിൽ തട്ടിയ യുവതിക്ക് കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ

മഹാരാഷ്ട്രയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം. ഹോട്ടൽ മുറി മാറിപോയി വാതിലിൽ മുട്ടിവിളിച്ചതിനെ തുടർന്നാണ് മുപ്പതുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഛത്രപതി സംഭാജി നഗറിലെ ഹോട്ടലിൽ 105ൽ താമസിക്കുന്ന സുഹൃത്തിനെ കണ്ട് പണം വാങ്ങാൻ എത്തിയതായിരുന്നു യുവതി. തിരികെ പോകുന്നതിനിടെ ഉണ്ടായ ആശയക്കുഴപ്പം കാരണം യുവതി രണ്ടാമത്തെ നിലയിലെത്തി. സുഹൃത്തിന്റെ മുറിയാണെന്ന് കരുതി 205-ാം നമ്പർ മുറിയിൽ തട്ടുകയായിരുന്നു.
മുറിക്കുള്ളിൽ മദ്യപിച്ചുകൊണ്ടിരുന്ന ഘൻശ്യാം ഭൗലാൽ റാത്തോഡ്, ഋഷികേശ് തുളസീറാം ചവാൻ, കിരൺ ലക്ഷ്മൺ റാത്തോഡ് എന്നിവർ ചേർന്ന് യുവതിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു. അവരെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
പുലർച്ചെ മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയ യുവതി നിലവിളിച്ചുകൊണ്ട് അടുത്തുള്ള വേദാന്ത് നഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉടൻ തന്നെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here