രാഹുലിനെ പിന്തുണച്ച പിഷാരടിക്കെതിരെ വനിതാ നേതാവ്; മാങ്കൂട്ടം ആരോപണങ്ങൾ നിഷേധിക്കാത്തതിൽ പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ സിനിമ നടൻ രമേശ് പിഷാരടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. “Mr. രമേശ് പിഷാരടി, താങ്കൾ ഒരു സുപ്രസിദ്ധനായ താരം എന്നതിലുപരി കോൺഗ്രസുകാരനായ താരം എന്നതിൽ ഏറെ അഭിമാനിച്ചവരാണ് ഞാനടക്കമുള്ള കോൺഗ്രസുകാർ” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായി രമേശ് പിഷാരടി നടത്തിയ പരാമർശങ്ങൾ ഒരു പാർട്ടി അനുഭാവിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതല്ല എന്നും കൃത്യമായ പരാതികൾ കിട്ടിയതുകൊണ്ടാണ് പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തതെന്നും നീതു ഫെയ്സ്ബുക്കിൽ കുറിച്ചു.
Also Read : സതീശനെ കടന്നാക്രമിച്ച് ഷാഫി-മാങ്കൂട്ടം സംഘങ്ങൾ; കോണ്‍ഗ്രസില്‍ ശാക്തികചേരികള്‍ മാറുന്നു
കൂടാതെ “രാഹുൽ മാങ്കൂട്ടം ഈ ആരോപണങ്ങൾ ഒന്ന് നിഷേധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാമായിരുന്നുവെന്നും ഇപ്പോൾ ആത്മാഭിമാനമുള്ള ഒരു വനിതാ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊതുസമൂഹത്തിന് മുന്നിൽ തല ഉയർത്താൻ കഴിയുന്നില്ല എന്നതാണ് അവസ്ഥയെന്നും” നീതു കുറിച്ചു. “അഭിനയം രാഷ്ട്രീയം ആക്കുന്നവർക്ക് ഇത് പ്രശ്നമല്ല” എന്ന് രമേഷ് പിഷാരടിക്കെതിരെയുള്ള ആരോപണവും പോസ്റ്റിലുണ്ട്. “ഇനിയും നിശബ്ദത പാലിച്ചാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നത്. സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസ്സും നേതാക്കളും” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here