സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു; ആക്രമണം മുറിയിൽ പൂട്ടിയിട്ട ശേഷം

കേരളത്തിൽ ഉത്ര എന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന വാർത്ത അധികമാരും മറന്നു കാണില്ല. അതെ രീതിയിൽ തന്നെയാണ് ഉത്തർപ്രദേശിലും യുവതിയെ കൊല്ലാൻ ശ്രമിച്ചത്. എന്നാൽ ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപെട്ടത്.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് സ്ത്രീധനം നൽകാത്തിന്റെ പേരിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. രേഷ്മ എന്ന യുവതിയ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. ഭർത്താവിന്റെ വീട്ടുകാർ ബലമായാണ് മുറിയിൽ പൂട്ടിയിട്ടത്. ആശുപത്രിയിൽ കൊണ്ടുപോകാൻ കേണപേക്ഷിച്ചിട്ടും ഭർതൃ വീട്ടുകാർ അതിന് തയാറായില്ല. സെപ്റ്റംബർ 18ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വന്നത്.
രേഷ്മയെ ആദ്യം മുറിയിൽ പൂട്ടിയിടുകയായിരുന്നു. പിന്നീട് ഓടയിലൂടെ പാമ്പിനെ തുറന്നുവിട്ടു. രാത്രിയോടെയാണ് പാമ്പ് രേഷ്മയുടെ കാലിൽ കടിക്കുന്നത്. വേദനമൂലം നിലവിളിച്ചെങ്കിലും ഭർതൃ വീട്ടുകാർ വാതിൽ തുറന്നിരുന്നില്ല. പിന്നീട് സഹോദരിയെ ഫോണിൽ വിളിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.
രേഷ്മയും ഷാനവാസും തമ്മിലുള്ള വിവാഹം നടന്നത് 2021ലാണ്. വിവാഹത്തിന് പിന്നാലെ തന്നെ സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് സഹോദരി പറഞ്ഞു. ഒന്നരലക്ഷം രൂപ അടുത്തിടെയാണ് ഇതിന്റെ പേരിൽ നൽകിയത്. എന്നാൽ വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് രേഷ്മയുടെ കുടുംബം തയ്യാറായില്ല. തുടർന്നാണ് ഉപദ്രവം ആരംഭിച്ചത്. സഹോദരിയുടെ പരാതിയിൽ പൊലീസ് കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
സമാനമായ സംഭവം കേരളത്തിൽ നടക്കുന്നത് 2020 മെയ് 7നാണ്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇരുപത്തിയഞ്ച് വയസ്സുള്ള ഉത്ര എന്ന യുവതിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അത് കൊലപാതകമെന്ന് തെളിഞ്ഞത്. ഭാര്യയെ കൊല്ലാൻ വേണ്ടി മൂർഖനെ വാങ്ങിയെന്നും മനഃപൂർവം പാമ്പിനെ അവരുടെ കിടപ്പുമുറിയിലേക്ക് വിട്ടു കടിപ്പിച്ചു എന്നും ഭർത്താവായ സൂരജ് പിന്നീട് സമ്മതിച്ചിരുന്നു. പലപ്രാവശ്യം ഇതിനു ശ്രമിച്ചിരുന്നതായും ഇയാൾ വെളുപ്പെടുത്തി. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതിയെ ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here