30 വർഷത്തെ ഒളിച്ചുകളി അവസാനിച്ചു; പാക് പൗരത്വം മറച്ചുവെച്ച് സർക്കാർ ജോലി നേടിയ സ്ത്രീ പിടിയിൽ

ഉത്തർപ്രദേശിലെ റാംപൂരിൽ പാകിസ്ഥാൻ പൗരത്വം മറച്ചുവെച്ച് മുപ്പത് വർഷത്തോളം സർക്കാർ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മഹിറ അക്തർ എന്ന സ്ത്രീക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മഹിറ വ്യാജ രേഖകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയത്. അസിം നഗർ പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1979ൽ മഹിറ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിക്കുകയും പാക് പൗരത്വം സ്വീകരിക്കുകയും ചെയ്തു.1985ൽ വിവാഹമോചനത്തിന് ശേഷം പാകിസ്ഥാൻ പാസ്‌പോർട്ടിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തുടർന്ന് ഇവിടെയുള്ള ഒരാളെ വിവാഹം കഴിച്ചു.
താൻ ഇന്ത്യൻ പൗരത്വമുള്ള ആളാണെന്ന് കാണിക്കാൻ വ്യാജ താമസരേഖകൾ ഉണ്ടാക്കി പ്രാഥമിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
കുമ്ഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കള്ളം പുറത്തായതോടെ ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ചതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here