‘ഉത്തരേന്ത്യയിലെ സ്ത്രീകൾ അടുക്കളയിൽ കഴിയേണ്ടവർ’; ദയാനിധി മാരന്റെ പ്രസ്താവന വിവാദത്തിൽ

തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളുടെ സാമൂഹിക സാഹചര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ട് ഡിഎംകെ എംപി ദയാനിധി മാരൻ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. തമിഴ്‌നാട്ടിലെ സ്ത്രീകളോട് പഠിക്കാൻ ആവശ്യപ്പെടുമ്പോൾ, ഉത്തരേന്ത്യയിലെ സ്ത്രീകളോട് അടുക്കളയിൽ ജോലി ചെയ്യാനും കുട്ടികളെ പ്രസവിക്കാനും ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ചെന്നൈയിലെ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് വനിതാ കോളേജിൽ ലാപ്ടോപ്പ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ ലാപ്ടോപ്പുമായി നടക്കണം. ഇവിടെ പെൺകുട്ടികളോട് സർക്കാർ പഠിക്കാനാണ് പറയുന്നത്. അതുകൊണ്ടാണ് ആഗോള കമ്പനികൾ ചെന്നൈയിലേക്ക് വരുന്നത്. എന്നാൽ, ഉത്തരേന്ത്യയിൽ പെൺകുട്ടികളോട് ജോലിക്ക് പോകേണ്ടന്നും, വീട്ടിലിരുന്ന് അടുക്കള ജോലി നോക്കാനും, കുഞ്ഞുങ്ങളെ പ്രസവിക്കാനുമാണ് പറയുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കലൈഞ്ജറുടെയും അണ്ണായുടെയും സ്റ്റാലിന്റെയും മണ്ണാണ്. ഇവിടെ നിങ്ങളുടെ പുരോഗതിയാണ് തമിഴ്‌നാടിന്റെ പുരോഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരന്റെ പ്രസ്താവന ഉത്തരേന്ത്യക്കാരെ അധിക്ഷേപിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. ‘ശക്തി’യെ ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും സ്ത്രീകളെ വടക്കെന്നോ തെക്കെന്നോ വിഭജിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. ഡിഎംകെയുടെ സഖ്യകക്ഷികളായ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറിച്ചാണോ അദ്ദേഹം ഇങ്ങനെ പറയുന്നതെന്നും ബിജെപി ചോദിച്ചു.

എന്നാൽ, തമിഴ്‌നാട്ടിലെ പെൺകുട്ടികളെ വിദ്യാഭ്യാസം നേടാനും ശാക്തീകരിക്കാനും പ്രചോദിപ്പിക്കുക മാത്രമായിരുന്നു മാരന്റെ ലക്ഷ്യമെന്ന് ഡിഎംകെ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ വ്യവസായ മേഖലയിലുള്ള ആകെ സ്ത്രീ തൊഴിലാളികളിൽ 40 ശതമാനത്തിലധികം തമിഴ്‌നാട്ടിൽ നിന്നാണെന്നും ആ നേട്ടം ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പാർട്ടി വക്താക്കൾ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top