വനിതാ മാധ്യമപ്രവർത്തകരെ വിലക്കി താലിബാൻ; കേന്ദ്രസർക്കാർ കൂട്ടുനിന്നെന്ന് വിമർശനം

അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം വിവാദത്തിൽ. താലിബാന്റെ ലിംഗവിവേചന നയം ഇന്ത്യൻ മണ്ണിൽ നടപ്പാക്കാൻ അനുവദിച്ചുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉയർത്തി.

ഇന്ത്യ-അഫ്ഗാൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുത്തഖി നടത്തിയ സന്ദർശനത്തിനിടെ ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ വച്ചാണ് വിവാദമായ പത്രസമ്മേളനം നടന്നത്. താലിബാൻറെ സ്ത്രീവിരുദ്ധ നിലപാടുകൾക്ക് രാജ്യത്ത് സൗകര്യമൊരുക്കി നൽകിയെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.

Also Read : ‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ

വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിക്കൊണ്ടുള്ള പത്രസമ്മേളനത്തിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്. “താലിബാൻ മന്ത്രിക്ക് വനിതാ മാധ്യമപ്രവർത്തകരെ വിലക്കാൻ അനുവാദം നൽകിയതിലൂടെ സർക്കാർ ഓരോ ഇന്ത്യൻ സ്ത്രീയെയും അപമാനിച്ചു. നട്ടെല്ലില്ലാത്ത കപടവിശ്വാസികളുടെ ലജ്ജാകരമായ കൂട്ടം,” മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. “താലിബാൻ പ്രതിനിധിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബിജെപി വാദങ്ങൾ പൊള്ളയാണ്, രാജ്യത്തിന്റെ നട്ടെല്ലും അഭിമാനവുമായ ഇന്ത്യൻ സ്ത്രീകളെ അപമാനിക്കുന്ന നടപടി എങ്ങനെ അനുവദിക്കപ്പെട്ടു?” പ്രിയങ്ക ചോദിച്ചു.

കൂടാതെ, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിൻ്റെ മകനും എം.പിയുമായ കാർത്തി പി. ചിദംബരവും സംഭവത്തെ അപലപിച്ചു രംഗത്തെത്തി. “താലിബാനുമായി ഇടപെടാൻ നയതന്ത്രങ്ങൾ ഉണ്ടാകാം. പക്ഷെ, അവരുടെ വിവേചനപരവും പ്രാകൃതവുമായ രീതികൾക്ക് ഇന്ത്യൻ മണ്ണിൽ വഴങ്ങിക്കൊടുക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ഡോ. എസ്. ജയശങ്കറിൻ്റെയും നടപടി നിരാശാജനകമാണ്,” അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ താലിബാൻ നടത്തിയ പത്രസമ്മേളനത്തിൽ പങ്കില്ല എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ ഔദ്യോഗികമായി ഇന്ത്യ സന്ദർശിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top