വർക്ക് ഫ്രം ഹോം ഉണ്ടാക്കുന്ന പരുക്കുകൾ; മൈക്രോ ഇൻജുറികൾ അവഗണിക്കരുത്

കോവിഡ് കാലം മുതൽ കൃത്യമായി പറഞ്ഞാൽ 2020ന്റെ ആരംഭം മുതൽ ലോകത്തെല്ലായിടത്തും വർക്ക് ഫ്രം ഹോം സംസ്കാരം വ്യാപകമായിട്ടുണ്ട്. ഇന്ത്യയുടെ തൊഴിൽ സംസ്കാരത്തെയും ഇത് മാറ്റിമറിച്ചിരിക്കുകയാണ്. അന്ന് തുടങ്ങിയ വർക്ക് ഫ്രം ഹോം രീതികൾ ഇപ്പോഴും പിന്തുടരുന്ന കമ്പനികൾ വളരെയധികമാണ്. ഇത് സൗകര്യപ്രദമാണെങ്കിലും, പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വലിയ അപകടങ്ങളല്ല, മറിച്ച് ചെറിയതും എന്നാൽ ദീർഘകാലം നിലനിൽക്കുന്നതുമായ മൈക്രോ-ഇൻജുറികൾ ആണ് ഇപ്പോൾ പ്രധാന വില്ലൻ.

മൈക്രോ ഇൻജുറികൾ എന്നാൽ പെട്ടെന്നുണ്ടാകുന്ന മുറിവുകളോ ഒടിവുകളോ അല്ല.ശരീരം ശരിയായ രീതിയിലല്ലാതെ കൂടുതൽ നേരം ഇരിക്കുമ്പോൾ പേശികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന ചെറിയ സമ്മർദ്ദങ്ങളാണിത്. ഉദാഹരണത്തിന്, കൂനിഞ്ഞിരുന്ന് ജോലി ചെയ്യുന്നതൊക്കെ ഇതിന് കാരണമാകും. ഈ ചെറിയ സമ്മർദ്ദങ്ങൾ ദിവസങ്ങൾ കഴിയുമ്പോൾ പേശികളിൽ ചെറിയ പരിക്കുകളോ വീക്കമോ ഉണ്ടാക്കുകയും ചെയ്യും. കാലക്രമേണ ഇത് കഠിനമായ വേദനയായി മാറുന്നു. ‘ശരീരം ചലിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്, സ്ഥിരമായി ഒരേ രീതിയിൽ ഇരിക്കാനുള്ളതല്ലന്നാണ്’ ഫിസിയോളജിസ്റ്റുകളും പറയുന്നത്.

ഓഫീസുകളിൽ സാധാരണയായി ജോലിക്ക് അനുയോജ്യമായ കസേരകൾ, ഉയരം ക്രമീകരിക്കാവുന്ന മേശകൾ, മോണിറ്ററുകൾ എന്നിവ ഉണ്ടാകും. എന്നാൽ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്നത് അനുയോജ്യമല്ലാത്ത ഇരിപ്പിടങ്ങൾളാണ്. ഡൈനിംഗ് ടേബിളിലെ കസേരകൾ, സോഫകൾ, കിടക്കകൾ എന്നിവ ഉപയോഗിക്കുമ്പോൾ ശരീരനില തെറ്റുന്നു. ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ കഴുത്ത് താഴോട്ട് വളയ്ക്കേണ്ടിവരുന്നത് കഴുത്തുവേദന കൂട്ടുന്നു. ഓഫീസിൽ മീറ്റിംഗിന് പോകുക, ഉച്ചഭക്ഷണത്തിന് പുറത്തു പോകുക എന്നിവയെല്ലാം ചെയ്യാറുണ്ട്. എന്നാൽ, വീട്ടിലിരിക്കുമ്പോൾ ഇല്ലാതാകുന്നു.
പുതിയ പഠനങ്ങൾ കാണിക്കുന്നത്, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് കഴുത്തിലും പുറത്തും വേദന വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ്.

പലരും കഴുത്തുവേദന വന്നാൽ അത് ഉറക്കക്കുറവ് കാരണമോ, ക്ഷീണം കാരണമോ ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. തുടക്കത്തിൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ അവഗണിക്കുന്നത് പിന്നീട് മാറാത്ത വേദനയായി മാറാനും കാരണമാകും. വേദന സഹിക്കാൻ പറ്റാതാകുമ്പോൾ മാത്രമാണ് പലരും ഡോക്ടറെ കാണാൻ പോകുന്നത്. അപ്പോഴേക്കും ചികിത്സ ബുദ്ധിമുട്ടാകും. ഈ വേദന സ്വയം വരുത്തുന്ന കുഴപ്പമല്ല, മറിച്ച് ജോലി ചെയ്യുന്ന ചുറ്റുപാടിന്റെ പ്രശ്നമാണെന്ന് പലരും മനസ്സിലാക്കുന്നില്ല.

എല്ലാവർക്കും ഈ പ്രശ്നങ്ങളുണ്ടാകാം, എങ്കിലും ചിലർക്ക് സാധ്യത കൂടുതലാണ്.
പുതിയതായി ജോലിക്ക് കയറിയ ചെറുപ്പക്കാർക്ക് ജോലി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന കസേരകളും മേശകളും വാങ്ങാൻ പണം കാണില്ല. അപ്പോൾ അവർ ഉള്ള സൗകര്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകും.സാധാരണയായി കസേരകളും മറ്റ് ഉപകരണങ്ങളും പുരുഷന്മാരുടെ ശരീരപ്രകൃതിക്ക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് സ്ത്രീകളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയുന്നു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഇത് അനുഭവിക്കേണ്ടി വരുന്നു. കൂടുതൽ പണം കിട്ടാൻ ഇവർ നിശ്ചിതമല്ലാത്ത സമയങ്ങളിൽ, സൗകര്യമില്ലാത്ത ഇടങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നു.

ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വ്യക്തികളും കമ്പനികളും വളരെയധികം ശ്രദ്ധിക്കണം. കസേര, മേശ എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക. ഓരോ മണിക്കൂറിലും 5 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ സ്ട്രെച്ചിംഗ് വ്യായാമം ചെയ്യുകയോ ചെയ്യുക. ചെറിയ വേദന തോന്നിയാൽ ഉടൻ ഫിസിയോതെറാപ്പിസ്റ്റിന്റെ ഉപദേശം തേടുക. തൊഴിലാളികൾക്ക് വർക്ക് ഫ്രം ഹോമിനാവശ്യമായ സഹായം കമ്പനി നൽകുക. നല്ല കസേരകൾ, മോണിറ്റർ സ്റ്റാൻഡുകൾ എന്നിവ വാങ്ങാൻ അവർക്കു പണം നൽകുക. കൂടാതെ ജീവനക്കാർക്ക് ആരോഗ്യസംബന്ധമായ ക്ലാസ്സുകളും മെഡിക്കൽ ചെക്കപ്പും ഉറപ്പുവരുത്തുക.

വർക്ക് ഫ്രം ഹോം തുടരുമെങ്കിൽ, ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാരും തൊഴിലുടമകളും ഒന്നിച്ചു കൈകോർക്കേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top