പാകിസ്താനെതിരെ ചരിത്രം ആവർത്തിച്ചു; ഇന്ത്യക്ക് ഹാട്രിക്ക് ജയം

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിലെ എൽ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു വിജയം. പാകിസ്താൻ ഉയർത്തിയ 192 വിജയലക്ഷ്യം 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ 86 റൺസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഇന്ത്യൻ വിജയം അനായാസമായി. രോഹിതിന് പുറമേ ശ്രേയസ് അയ്യരും അർധ സെഞ്ച്വറി (പുറത്താവാതെ 53) നേടി. പാകിസ്താനായി ഷഹീൻ അഫ്രീദി 2 വിക്കറ്റും ഹസൻ അലി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താനെ ഇന്ത്യൻ ബോളർമാർ 42.5 ഓവറിൽ 191 റൺസിന് എറിഞ്ഞിട്ടു. ക്യാപ്റ്റൻ ബാബർ അസമിൻ്റെ അർധ സെഞ്ച്വറിയാണ് വൻ നാണക്കേടിൽ നിന്നും പാകിസ്താനെ രക്ഷിച്ചത്. 49റൺസ് നേടിയ മുഹമ്മദ് റിസ്വാനും 38 റൺസ് നേടിയ ഇമാം ഉൾ ഹക്കുമാണ് പാകിസ്താൻ ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രണ്ടിന് 155 എന്ന ശക്തമായ നിലയിൽ നിന്നാണ് പാകിസ്താൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ബാബർ അസമിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാകിസ്താന്റെ തകര്‍ച്ച ആരംഭിച്ചു. 36 റണ്‍സിന് എട്ട് വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണ്. ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ തോൽവി വഴങ്ങിയിട്ടില്ല എന്ന ചരിത്രവും വിജയത്തോടെ ഇന്ത്യ നിലനിർത്തി. ശക്തരായ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും മുട്ടുകുത്തിച്ചാണ് ഇന്ത്യ ഇന്ന് പാക്കിസ്താനെതിരെ കളത്തിൽ ഇറങ്ങിയത്. പാകിസ്താന്‍ ലോകകപ്പ് നേടിയ 1992ലും പിന്നീട് നടന്ന 1996, 1999, 2003, 2011, 2015, 2019 ലോകകപ്പുകളിലെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു വിജയം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here