ട്രെയിനിലെ ശുചിമുറിക്ക് സമീപം തറയിൽ ഗുസ്തി താരങ്ങളുടെ ദുരിതയാത്ര; വൻ പ്രതിഷേധം

ദേശീയ സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ ഒഡീഷയിലെ 18 കായിക താരങ്ങൾക്കാണ് ട്രെയിനിൽ ദുരിതയാത്ര ചെയ്യേണ്ടി വന്നത്. ടിക്കറ്റ് കൺഫേം ആകാത്തതിനെ തുടർന്ന് ട്രെയിനിലെ ശുചിമുറിക്ക് സമീപമുള്ള ഇടുങ്ങിയ സ്ഥലത്തിരുന്ന് ഇവർ ഉത്തർപ്രദേശിലേക്ക് യാത്ര ചെയ്തത്. വിവരം പുറത്തു വന്നതോടെ വലിയ വിവാദത്തിനാണ് വഴിവച്ചത്.
ഉത്തർപ്രദേശിൽ നടന്ന 69-ാമത് നാഷണൽ സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിനായി ഒഡീഷ വിദ്യാഭ്യാസ വകുപ്പാണ് താരങ്ങളെ അയച്ചത്. 10 ആൺകുട്ടികളും 8 പെൺകുട്ടികളും അടങ്ങുന്ന സംഘത്തിൽ വെറും 4 പേർക്ക് മാത്രമാണ് ടിക്കറ്റ് ഉറപ്പായിരുന്നത്. ബാക്കിയുള്ള താരങ്ങൾ ജനറൽ കോച്ചിലെ ശുചിമുറിക്ക് പുറത്തുള്ള തറയിൽ ഇരുന്നാണ് ദീർഘദൂര യാത്ര നടത്തിയത്.
കൊടും തണുപ്പത്ത് ട്രെയിനിലെ സ്റ്റീൽ തറയിലിരുന്നാണ് കുട്ടികൾ യാത്ര ചെയ്തത്. ശുചിമുറിക്ക് അടുത്തായതുകൊണ്ട് തന്നെ ദുർഗന്ധവും യാത്രക്കാരുടെ തിരക്കും താരങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. മത്സരം കഴിഞ്ഞ് തിരികെ വരുമ്പോഴും ടിക്കറ്റ് ലഭിക്കാത്തതിനാൽ ഇതേ അവസ്ഥയിൽ തന്നെയായിരുന്നു യാത്രയെന്ന് താരങ്ങൾ പറയുന്നു.
കായികതാരങ്ങളോടുള്ള ഈ അവഗണനയിൽ ഒഡീഷ സ്പോർട്സ് അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ മത്സരിക്കാൻ പോയ കുട്ടികൾക്ക് നേരിടേണ്ടി വന്ന ഈ അപമാനം കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here