ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ പോസ്റ്റ്‌മോർട്ടത്തിന് സമ്മതം നൽകി കുടുംബം; നടപടി ഉടൻ

ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൺ കുമാറിന്റെ പോസ്റ്റ്‌മോർട്ടം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് കുടുംബം. പോസ്റ്റ്‌മോർട്ടം നടത്താൻ കുടുംബം സമ്മതം നൽകിയതായി പൊലീസ് പറഞ്ഞു.
ആരോപണവിധേയരായ ഹരിയാന ഡിജിപി ശത്രുജീത് കപൂറിനെയും റോത്തക് മുൻ എസ്പി നരേന്ദ്ര ബിജാർണിയയെയും അറസ്‌റ്റ് ചെയ്യാത മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ അംനീത് പി കുമാർ നിലപാടെടുത്തിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താതെ മരണം സംബന്ധിച്ച അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞു ചണ്ഡിഗഡ് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കുടുംബം തീരുമാനം മാറ്റിയത്.
52 കാരനായ പുരൺ കുമാർ ഈ മാസം 7നാണ് സ്വന്തം വസതിയിൽ വെടിവച്ച് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിനു കാരണമെന്നാണ് കുറിപ്പിൽ പറഞ്ഞത്. തുടർന്നാണ് ഹരിയാന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. നിലവിൽ പുരൺ കുമാറിന്റെ മൃതദേഹം പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (PGIMER) സൂക്ഷിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here