യെമനില്‍ നിന്ന് നല്ല വാര്‍ത്തക്ക് സാധ്യത; നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകം

യെമന്‍ പൗരനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. നിമിഷയുടെ
വധശിക്ഷ മാറ്റിവച്ചു. ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് നാളെ നടത്താനിരുന്ന വധശിക്ഷ മാറ്റിവച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചര്‍ച്ച നടക്കുന്നത്. അവര്‍ മാപ്പ് നല്‍കിയാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.
കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ ഇടപെടലാണ് വഴിമുട്ടിയ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയത്. യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറാണ് കാന്തപുരത്തിന്റെ ആവശ്യപ്രകാരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് വധശിക്ഷ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചര്‍ച്ചകളാണ് ഇന്നു നടന്നത്. ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here