കണക്കുകളില്‍ കൃത്യം ധാരണയുള്ള സിഎക്കാരന്‍; EDയിലെ മിന്നും കരിയര്‍; യോഗേഷ് ഗുപ്തയുടെ കേന്ദ്രദൗത്യം പിണറായി ഭയക്കാൻ കാരണമുണ്ട്

ബിവറേജസ് കോര്‍പ്പറേഷന്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയ 1,150 കോടി രൂപ, കൃത്യം കണക്കുകള്‍ ഹാജരാക്കി തിരികെപിടിച്ച കണക്കിൻ്റെ മാന്ത്രികനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ യോഗേഷ് ഗുപ്ത ഐപിഎസ്. സംസ്ഥാന പോലീസ് കേഡറിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ ഏറെയുള്ള പോലീസ് സേനയിലെ ക്ലിന്‍ ഇമേജുളള ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാള്‍. എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ ഇന്ന് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരന്റെ ശത്രുപക്ഷത്താണ്.
രാഷ്ട്രീയ നിലപാട് കൊണ്ടല്ല, ഐപിഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ യോഗേഷ് ഗുപ്ത പിണറായി വിജയന്റെ എതിര്‍ ചേരിയില്‍ എത്തിയത് എന്നതാണ് വസ്തുത. ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് നില്‍ക്കാതെ നിയമം നടത്തിയതിന്റെ പേരിലാണ്. നാല് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാര്‍ നല്‍കിയത് എട്ട് സ്ഥലംമാറ്റങ്ങള്‍. ഉന്നത ഐപിഎസ്, ഐഎഎസ് ഓഫിസര്‍മാര്‍ക്ക് ഒരു പദവിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷം അവസരം നല്‍കണമെന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിനു വിരുദ്ധമായാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്.
2021ലാണ് ഇഡിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി യോഗേഷ് ഗുപ്ത കേരള കേഡറിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരി 21ന് ബിവറേജസ് എംഡിയായി നിയമനം നല്‍കി. ഏഴ് മാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറ്റി. ഒരു മാസത്തിനു ശേഷം പൊലീസ് ട്രെയിനിങ് വിഭാഗം എഡിജിപിയാക്കി. രണ്ട് മാസത്തിനു ശേഷം തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറാക്കി. 12 ദിവസത്തിനു ശേഷം 2023 ജനുവരി 12ന് അദ്ദേഹത്തെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എഡിജിപിയാക്കി. ഈ കസേരയില്‍ 13 മാസം ഇരുത്തി. പിന്നാലെ വീണ്ടും ബെവ്‌കോ എംഡിയായി നിയമിച്ചു.
ബെവ്‌കോയില്‍ മികച്ച പ്രകടനത്തിലൂടെ കൈയ്യടിയുമായി മുന്നോട്ടു പോകുമ്പോഴാണ് ഡിജിപിയായി സ്ഥാനക്കയറ്റം. 2024 ഓഗസ്റ്റില്‍ യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറാക്കി. ഇവിടെ വച്ചാണ് സര്‍ക്കാരുമായുള്ള പോര് തുടങ്ങിയത്. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി നീങ്ങിയതോടെ സ്ഥാനം തെറിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനം നല്‍കി. ഇതോടെ മനംമടുത്ത് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് പോകാനുള്ള നീക്കങ്ങള്‍ യോഗേഷ് ഗുപ്ത സജീവമാക്കി. എന്നാല്‍ അപകടം മണത്ത പിണറായി സര്‍ക്കാര്‍ അതിന് തടയിടാന്‍ ശ്രമിച്ചു.

കേന്ദ്ര സര്‍വീസിലെ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ പിടിച്ചുവച്ചു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വരെ ഡിജിപി പരാതി നല്‍കി. ഒന്നും നടക്കാതെ വന്നതോടെയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറാക്കി. ഇന്ന് 5 ദിവസത്തിനുളളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധി പിണറായി സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്.
ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികളുടെ തലപ്പത്ത് യോഗേഷ് ഗുപ്ത എത്തുന്നതിലെ അപകടം മുന്‍കൂട്ടി കണ്ട് തന്നെയാണ് വിജിലന്‍സ് ക്ലിയറന്‍സ് പിടിച്ചുവച്ച് വൈകിപ്പിക്കുന്നത്. കാരണം സംസ്ഥാനത്തെ അപ്രധാന വകുപ്പില്‍ ഒതുക്കിയിരുത്തിയതിലെ പക കൂടി വീട്ടാന്‍ യോഗേഷ് ഗുപ്ത രംഗത്ത് ഇറങ്ങിയാല്‍ അത് വലിയ തിരിച്ചടിയാകും എന്ന് സിപിഎമ്മിന് നന്നായി അറിയാം. പ്രത്യേകിച്ചും ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ നിഴലില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ തന്നെ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍.
ALSO READ : യോഗേഷ് ഗുപ്തയെ തിരുത്തി മനോജ് എബ്രഹാം; വിജിലൻസിലെ വിവാദ സർക്കുലർ പിൻവലിച്ചു
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂരിലെ സിപിഎം നേതാവ് പിപി ദിവ്യയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് മുതൽ, ഏറ്റവും ഒടുവിൽ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ തുടങ്ങിവച്ച വിജിലൻസ് അന്വേഷണം വരെ യോഗേഷിനെ സർക്കാരിനും പാർട്ടിക്കും അനഭിമതനാക്കി. ഇതിൻ്റെയെല്ലാം പേരിൽ യോഗേഷിനെതിരെ അന്വേഷണത്തിന് പോലും സർക്കാർ തുനിഞ്ഞുവെന്നാണ് സൂചനകൾ. യോഗേഷിനെതിരെ അന്വേഷണം നടക്കുന്നുവെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സർക്കാർ നിലപാട് എടുത്തെങ്കിലും വിശദാംശങ്ങൾ നൽകാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here