യോഗിയുടെ കത്തിൽ BJP വെട്ടില്‍; പണി CPMനും കൂടിയോ?

ആഗോള അയ്യപ്പ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് എഴുതിയ കത്ത് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ബിജെപിയുടെ കേരള നേതൃത്വം അയ്യപ്പ സംഗമത്തെ വിമർശിക്കുകയും പരിപാടി ബഹിഷ്കരിക്കുകയും ചെയ്ത സാഹചര്യത്തിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനറായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടിക്ക് പിന്തുണയുമായി രംഗത്തെത്തിയത് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയായി.
സമ്മേളനത്തോട് സഹകരിക്കേണ്ടതില്ലെന്ന കാര്യത്തിൽ സംസ്ഥാന ബിജെപിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എസ്എൻഡിപി, കെപിഎംഎസ്, എൻഎസ്എസ് തുടങ്ങിയ പ്രമുഖ ഹിന്ദു സംഘടനകൾ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ സംഗമത്തോട് സഹകരിക്കേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു.
ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചടങ്ങാണെന്ന് യോഗി ആദിത്യനാഥ് പറയുമ്പോളും പമ്പയിൽ നടക്കുന്നത് അയ്യപ്പ സംഗമം അല്ല, സിപിഎമ്മിന്റെ രാഷ്ട്രീയ സംഗമമാണെന്ന നിലപാടിലാണ് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതേ സമയം, ബിജെപി ദേശീയ നേതൃത്വത്തെയും പ്രത്യേകിച്ച് ഉത്തർപ്രദേശിലെ യോഗി ഭരണത്തെയും കുറ്റം പറഞ്ഞു കൊണ്ടിരുന്ന സിപിഎമ്മിലെ മന്ത്രി തന്നെ ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടത്തുന്ന പ്രധാന ക്യാമ്പയിനിൽ യോഗിയുടെ കത്ത് വായിച്ചത് രാഷ്ട്രീയ പാപ്പരത്വവും ഇരട്ടത്താപ്പുമാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. സർക്കാരിനെ ആക്രമിക്കാനായി യോഗിയുടെ കത്ത് ആയുധമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here