പ്രണയത്തിന് മുന്നില്‍ തോറ്റ് പ്രായം; വധുവിന് 25 വയസ് കൂടുതലാണ് എന്ന് അറിഞ്ഞത് വിവാഹത്തലേന്ന്; ലോകം ആഘോഷിക്കുന്ന പ്രണയകഥ

പുരുഷനേക്കാൾ പ്രായം കൂടിയ പെണ്ണിനെ കല്യാണം കഴിക്കുന്നത് എന്തോ വലിയ പാതകമാണെന്ന് ചിന്തിക്കുന്ന സമൂഹമാണ് ഒട്ടുമിക്ക രാജ്യങ്ങളിലും. ഇന്ത്യാക്കാരുടെ കാര്യം പറയുകയേ വേണ്ട. 60 വയസുകാരനും 18കാരിയെ കെട്ടാൻ ഓടി നടക്കുന്ന കൂട്ടരാണ് നമ്മുടേത് . ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ കല്യാണത്തിന് തലേന്ന് യോഷിടാക്ക അറിയുന്നു, തന്നേക്കാൾ 25 വയസിന് മൂത്തതാണ് തൻ്റെ പ്രണയിനി. പ്രായക്കൂടതൽ അറിഞ്ഞപ്പോള്‍ വിവാഹത്തിൽ നിന്ന് പിൻമാറിയില്ല. പ്രായം മറച്ചു വെച്ചു എന്ന് പറഞ്ഞ് അലമ്പുണ്ടാക്കിയില്ല. അതേ, പ്രേമത്തിന് കണ്ണും കാതുമില്ല. സ്നേഹം മാത്രം. ജപ്പാനിലെ ബുൺ ഫുൺ എന്ന മാധ്യമത്തിൽ വന്ന അസാധാരണ പ്രണയ കഥ ലോകമാകെ ഏറ്റെടുത്തു കഴിഞ്ഞു.

നാല്പതുകാരനായ യോഷിടാക്ക ജാപ്പനീസ് സ്റ്റൈൽ ബാറിൽ വെച്ചാണ് അക്കിയെ ആദ്യമായി കാണുന്നത്. ആ ബാറിലെ ജീവനക്കാരിയായിരുന്നു അവൾ. ആദ്യ കാഴ്ചയിൽ തന്നെ വിവാഹമോചിതനായ യോഷിടാക്കയ്ക്ക് അക്കിയെ ഇഷ്ടമായി. തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. പതിവായി അവിടെ സന്ദർശിക്കുകയും അടുപ്പത്തിലാവുകയും ചെയ്തു. ഒരു പാട് കാര്യങ്ങളിൽ അവർ പരസ്പരം യോജിപ്പിൻ്റെ തലങ്ങൾ കണ്ടെത്തി. അക്കിയും തന്നെപ്പോലെ വിവാഹബന്ധം വേർപെടുത്തി മക്കളെ തനിച്ച് വളർത്തുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആദരവും ബഹുമാനവും ഏറി. വിവാഹ തകർച്ചയിൽ നിന്ന് ഇരുവരും ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞിരുന്നു, ഇഷ്ടാനിഷ്ടങ്ങളിൽ യോജിപ്പിൻ്റെ ഒരു പാട് കാര്യങ്ങൾ പരസ്പരം കണ്ടെത്തി. അക്കിയുടെ രൂപത്തിലോ, ശരീരഘടനയിലോ, ചർമ്മത്തിലോ ഒന്നും പ്രായക്കൂടുതലിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താൻ യോഷിടാക്കക്ക് കഴിഞ്ഞതുമില്ല.

യോഷിടാക്കയേക്കാൾ നാല് വയസ് കൂടുതലാണ് തനിക്കെന്നായിരുന്നു അക്കി വെളിപ്പെടുത്തിയിരുന്നത്. തൻ്റെ യഥാർത്ഥ പ്രായമറിഞ്ഞാൽ യോഷിടാക്ക തന്നെ വിട്ടിട്ടു പോകുമോ എന്ന് അക്കി ആശങ്കപ്പെട്ടിരുന്നു. തൻ്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്താൻ ചില നമ്പരുകൾ അക്കി ഇറക്കിയെങ്കിലും അയാൾ അതിലൊന്നും വീണില്ല. ഒരുമിച്ച് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും ഒന്നുമറിയാത്ത മട്ടിൽ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് ഒക്കെ മേശമേൽ ഇട്ടിട്ട് അക്കി പതുക്കെ എഴുന്നേറ്റ് പോകുമായിരുന്നു. പക്ഷേ, യോഷിടാക്ക ഒരിക്കൽ പോലും അതൊന്നും മറിച്ചു നോക്കുകയോ പ്രായം കണ്ടു പിടിക്കാനോ ശ്രമിച്ചില്ല. മറിച്ച് ഇതൊക്കെ സൂക്ഷിച്ച് വെക്കാൻ പറയുമായിരുന്നു.

തൻ്റെ യഥാർത്ഥ പ്രായമറിയുമ്പോൾ യോഷിടാക്ക തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ചിന്ത അക്കിയെ വല്ലാതെ അലട്ടിയിരുന്നു. പറയാതെ വയ്യ എന്ന ഘട്ടമെത്തിയപ്പോൾ അവളാ സത്യം തുറന്ന് പറഞ്ഞു, യോഷിടാക്കയുടെ മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു – “ഞാൻ നിൻ്റെ പ്രായത്തെ അല്ല പ്രണയിച്ചതും, ഇഷ്ടപ്പെട്ടതും.പ്രായം എന്നെ അലട്ടുന്ന വിഷയമല്ല, മറിച്ച് ഇക്കാര്യം എന്നോട് നീ തുറന്ന് പറയാതെ നീ ഇക്കാലമത്രയും വിഷമിച്ചതിലാണ് എൻ്റെ സങ്കടം, ഞാൻ പ്രായത്തെ അല്ല സ്നേഹിച്ചത് , നിന്നെയാണ് നിന്നെ മാത്രം “

ഉദാത്തമായ സ്നേഹത്തിന് മുന്നിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് അവർ തെളിയിച്ചു. വിവാഹ ശേഷം അവർ ഒരു പാട് സ്ഥലങ്ങൾ സഞ്ചരിച്ച് പ്രണയത്തിൻ്റെ ഇഴ അടുപ്പം വർദ്ധിപ്പിച്ചു. ഇരുവരും ചേർന്ന് പുതിയ ബിസിനസ് സംരഭത്തിന് തുടക്കമിട്ടു. പ്രായം കൂടിയ സ്ത്രീകളെ വിവാഹം കഴിക്കുന്നത് കുറച്ചിലായിട്ടാണ് ജാപ്പനീസ് സമൂഹം കാണുന്നത്. പല പെണ്ണുങ്ങളും യഥാർത്ഥ പ്രായം പറയാറില്ല. യഥാർത്ഥ പ്രണയത്തിന് മുന്നിൽ പ്രായം തോറ്റു പോകുമെന്ന് ഒരാൾ എഴുതിയതാണ് അക്കിയുടേയും യോഷി ടാക്കയുടേയും കാര്യത്തിൽ സംഭവിച്ചത്. ലോകം മുഴുവൻ ഇവരുടെ പ്രണയവാർത്ത കൊണ്ടാടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top