ക്ലെയിം ചെയ്യാതെ കിടക്കുന്നത് കോടികൾ! ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’; പ്രധാനമന്ത്രി

ഇന്ത്യക്കാർക്കായി സുപ്രധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പ്രസ്ഥാനത്തിൽ പങ്കുചേരാനാണ് ഇന്ത്യയിലെ പൗരന്മാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ബാങ്കുകളിലെ നിക്ഷേപം, ഇൻഷുറൻസ് തുക, ലാഭവിഹിതം, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയവയിൽ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന തുകകൾ വളരെ വലുതാണ്. സാമ്പത്തിക ആസ്തികൾ തിരികെ ഉടമസ്ഥർക്ക് ലഭിക്കാൻ വേണ്ടിയാണ് ഒക്ടോബറിൽ കേന്ദ്രസർക്കാർ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ച കണക്കുകൾ പലരെയും അമ്പരപ്പിച്ചതായിരുന്നു. ഇന്ത്യൻ ബാങ്കുകളിൽ 78,000 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഇൻഷുറൻസ് കമ്പനികളിൽ 14,000 കോടി രൂപയും മ്യൂച്വൽ ഫണ്ട് കമ്പനികളിൽ ഏകദേശം 3,000 കോടി രൂപയും ഉണ്ട്. ലാഭവിഹിതമായി 9,000 കോടി രൂപയുമാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നത്. ‘ഈ ആസ്തികൾ എണ്ണമറ്റ കുടുംബങ്ങളുടെ കഠിനാധ്വാനം ചെയ്ത സമ്പാദ്യവും നിക്ഷേപവുമാണെന്നാണ് പ്രധാനമന്ത്രി കുറിച്ചത്.

ഓരോ പൗരനും തങ്ങൾക്ക് അർഹതപ്പെട്ടത് തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കാൻ വേണ്ടി പ്രധാന സ്ഥാപനങ്ങൾ പ്രത്യേക പോർട്ടലുകൾ ആരംഭിച്ചിട്ടുണ്ട്. അവകാശമില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ UDGAM പോർട്ടൽ, ഇൻഷുറൻസ് തുകകൾക്കായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) Bima Bharosa പോർട്ടൽ, മ്യൂച്വൽ ഫണ്ട് തുകകൾക്കായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) MITRA പോർട്ടൽ, അടയ്ക്കാത്ത ലാഭവിഹിതങ്ങൾക്കും ഓഹരികൾക്കുമായി കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (MCA) IEPFA പോർട്ടൽ എന്നിവയാണ് ആരംഭിച്ചത്.

ഇതിനോടകം, രാജ്യത്തെ ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ 477 ജില്ലകളിൽ സഹായ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഏകദേശം 2,000 കോടി രൂപ ഇതിനകം അർഹരായ ഉടമകൾക്ക് തിരികെ നൽകി കഴിഞ്ഞു എന്നും പ്രധാനമന്ത്രി അറിയിച്ചു. ഏതെങ്കിലും കുടുംബാംഗങ്ങക്ക് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളോ ഇൻഷുറൻസ് തുകകളോ ഉണ്ടോ എന്ന് ഉടൻ തന്നെ പരിശോധിക്കാനാണ് പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട പോർട്ടലുകൾ സന്ദർശിക്കാനും അതത് ജില്ലകളിൽ സംഘടിപ്പിക്കുന്ന സഹായ ക്യാമ്പുകൾ പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. സ്വന്തം പണം കൈകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. അതിനുവേണ്ടി എല്ലാവർക്കും ഒരുമിച്ചു പ്രവർത്തിക്കാം എന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top