73കാരനായ സുരക്ഷാ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പല്ലിടിച്ച് തെറിപ്പിച്ചു; ഒതുക്കാന്‍ പോലീസും

സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായ വയോധികനെ ക്രൂരമായി മര്‍ദിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞതാണ് കുട്ടി നേതാവിനെ പ്രകോപിപ്പിച്ചത്. ആലുവ സ്വദേശിയായ എഴുപത്തിമൂന്നുകാരന്‍ ബാലകൃഷ്ണനാണ് മര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെബി ഇജാസാണ് മര്‍ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇജാസിനൊപ്പം എത്തിയ സുഹൃത്ത് കാര്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇത് ബാലകൃഷ്ണന്‍ തടയുകയും സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂട്ടര്‍ മാറ്റാതെ ഇയാള്‍ ബാലകൃഷ്ണനോട് തര്‍ക്കിച്ചു. ഇതിനിടെയാണ് ഇജാസ് എത്തിയത്. ബാലകൃഷ്ണനുമായി തര്‍ക്കിക്കുകയും പിന്നാലെ മര്‍ദിക്കുകയും ആയിരുന്നു.

മുഖത്തേറ്റ മര്‍ദനത്തില്‍ ബാലകൃഷ്ണന്റെ ഒരു പല്ല് ഇളകി തെറിച്ചു. കണ്ണട പൊട്ടി ചില്ല് കണ്ണില്‍ തറച്ചു. നെഞ്ചിലും മര്‍ദനമേറ്റു. ചികിത്സ തേടിയ ശേഷം പരാതി നല്‍കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ആലുവ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. മര്‍ദനമേറ്റ് അവശനായ പരാതിക്കാരനെ വൈകിട്ട് നാല് മണി മുതല്‍ ഒന്‍പത് മണിവരെ സ്റ്റേഷനില്‍ നിര്‍ത്തി പരാതി ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നാല്‍ പരാതിയില്‍ ഉറച്ചു നിന്നതോടെയാണ് കേസെടുത്തത്.

ദൃശ്യങ്ങളടക്കം വാര്‍ത്തയായതോടെ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ക്രൂരമര്‍ദനത്തിന്റെ വാര്‍ത്ത അസ്വസ്ഥത ഉണ്ടാക്കുന്നതായി മന്ത്രി കുറിച്ചു. ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അപ്പോഴും പരാതി ഒതുക്കാന്‍ ശ്രമിച്ച ആലുവ പോലീസിന്റെ നടപടിയില്‍ മന്ത്രി മൗനം പാലിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top