‘ഹൂ കെയേഴ്‌സില്‍’ കുരുങ്ങി യൂത്ത് കോണ്‍ഗ്രസ്; മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി മുഖം രക്ഷിക്കാന്‍ ചര്‍ച്ചകള്‍

പേര് പറയാതെ യുവനടി ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ജനപ്രതിനിധിയായ യുവനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും ഹോട്ടലില്‍ റൂം എടുക്കാം വരുമോ എന്ന്‌ചോദിച്ചു എന്നുമാണ് നടി റിനി ആന്‍ ജോര്‍ജ് പറഞ്ഞത്. ക്രിമിനല്‍ സ്വബാവത്തിലാണ് സ്ത്രീകളെ സമീപിക്കുന്നത്. നിരവധി പെണ്‍കുട്ടികളെ ഈ നേതാവ് ചൂഷണം ചെയ്തിട്ടുണ്ടെന്നും റിനി ആരോപിച്ചിരുന്നു.
റിനി പേര് പറഞ്ഞില്ലെങ്കിലും നല്‍കിയ സൂചനകള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ഡ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ച് തന്നെയാണെന്ന് ഉറപ്പിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുവനേതാവിന്റെ മോശം പെരുമാറ്റം മുതിര്‍ന്ന് നേതാക്കളെ അറിയിച്ചെങ്കിലും ഇതെല്ലാം സ്വാഭാവികം എന്ന രീതിയിലുളള സമീപനമാണ് ഉണ്ടായത് എന്ന നടിയുടെ ആരോപണത്തോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിനൊപ്പമാണ് എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം മോശമായി മറ്റുള്ളവരോട് സംസാരിച്ചു എന്നായിരുന്നു ഹണിയുടെ ആരോപണം. രാഹുലിന്റെ ചൂഷണത്തിന് ഇരയായ ധാരളം പെണ്‍കുട്ടികളെ അറിയാം. ഇക്കാര്യങ്ങളെല്ലാം ഷാഫി പറമ്പിലിനും അറിവുള്ള കാര്യമാണ്. എന്നാല്‍ ഷാഫിയാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും ഹണി ആരോപിച്ചു.
ഇടത് യുവജന സംഘടനകള്‍ വിഷയം ഉന്നയിച്ച് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ക്രിമിനലുകളുടേയും സ്ത്രീ ചൂഷകരുടേയും സംഘടനയായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും മാറിയെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഇതിന് മറുപടി പറയാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചു കളിക്കരുത്. നിലപാട് വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
വലിയ വമര്‍ശനം യൂത്ത് കോണ്‍ഗ്രസിലും ഉയരുന്നുണ്ട്. ആരോപണങ്ങളില്‍ വ്യക്തത വേണമെന്ന് യൂത്ത് കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്‌നേഹയാണ് സംഘടനക്കുള്ളില്‍ ഈ അഭിപ്രായം ഉന്നയിച്ചത്. ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക പരാതി നല്‍കാനും നീക്കമുണ്ട്.
ഷാഫി പറമ്പില്‍ കൂടി പ്രതി സ്ഥാനത്ത് നിര്‍ത്തിയുള്ള പ്രചരണം തടയാനാണ് അടിയന്തര നടപടിക്ക് കോണ്‍ഗ്രസ് നീക്കം നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി മുഖം രക്ഷിക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവി വിഡി സതീശനും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണ ആയിട്ടുണ്ട്. എത്രയും വേഗത്തില്‍ നടപടി എടുത്ത് നാണക്കേട് ഒഴിവാക്കാനാണ് തീരുമാനം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here