മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക അപവാദത്തില്‍ പതറിയ കോണ്‍ഗ്രസിന് ഉത്തേജനം; പോലീസ് മുറകൾക്കെതിരെ സമാനതയില്ലാത്ത സമരമുറകള്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ച പോലീസുകാരുടെ വീടുകളിലേക്കുള്ള കോണ്‍ഗ്രസുകാരുടെ സമരത്തില്‍ പകച്ച് സര്‍ക്കാരും സേനയും. സമീപകാല ചരിത്രത്തിലൊന്നും സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മര്‍ദ്ദക പോലീസുകാരുടെ വീടുകളിലേക്ക് പ്രതിഷേധം നടത്തുന്ന പതിവില്ലായിരുന്നു. ഇത്തരമൊരു സമരമാര്‍ഗം കോണ്‍ഗ്രസ് സ്വീകരിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.
സാധാരണ ഗതിയില്‍ കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ ആദ്യ ആവേശം ഒടുങ്ങുമ്പോ അസ്തമിക്കുകയാണ് പതിവ്. പക്ഷേ, കുന്നംകുളത്ത് സുജിത് എന്ന യൂത്ത് കോണ്‍ഗ്രസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച നാല് പോലീസുകാരുടെ വീടുകളിലേക്കുള്ള പ്രതിഷേധങ്ങള്‍ വല്ലാത്തൊരു അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കയാണ്. എല്ലാ ദിവസവും നാല് പേരുടേയും വീടുകളിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നതോടൊപ്പം പോലീസിനെതിരെ ജനവികാരം ഉയര്‍ത്താനുള്ള പ്രചരണവും നടത്തുന്നുണ്ട്. ഇത് വിജയം കാണുന്നുണ്ട് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിനൊപ്പം ഭരണകക്ഷിയില്‍പ്പെട്ടവരും പോലീസില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെ കഥകള്‍ കൂടി പുറത്തു വന്നതോടെ സര്‍ക്കാരും പോലീസ് വകുപ്പും കനത്ത പ്രതിഛായ നഷ്ടത്തിലാണ്.
അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പോലീസ് പീഡനകഥകളുയര്‍ത്തി പ്രശ്‌നം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. ഈ മാസം 10ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ പ്രതിഷേധ സദസ് നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തിരിക്കയാണ്. രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍പ്പെട്ട് നാറി നാമാവശേഷമായ കോണ്‍ഗ്രസിന് പിടിച്ചു കയറാന്‍ കിട്ടിയ ഒരു പിടിവള്ളിയാണ് പോലീസ് മര്‍ദ്ദനകഥകള്‍. വീണു കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പോലീസുകാരെ കാക്കിധരിച്ച് വീടിന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചുവെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. തിരുവോണദിവസം പോലും പോലീസുകാരുടെ വീടുകളിലേക്ക് ജാഥ നടത്തിയത് ഇതിന് തെളിവാണ്. ഭരണ കാലാവധി കഴിയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുനാമി പോലെയാണ് ഇടിയന്‍ പോലീസിന്റെ ദുഷ്ടത്തരങ്ങളുടെ സാക്ഷ്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നത്. കുന്നം കുളത്തേയും പീച്ചിയിലേയും പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിലൂടെ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വലിയ തോതില്‍ അലയടിക്കുന്നതായാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മുറിവില്‍ മുളക് തേക്കുന്നതു പോലെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കേറ്റ മര്‍ദ്ദന കഥകളും.
ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരെ സ്റ്റേഷന്‍ ഡ്യൂട്ടി അടക്കമുള്ള ക്രമസമാധാന ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അതും അട്ടിമറിക്കപ്പെട്ടു.മുഖ്യമന്ത്രിയും സര്‍ക്കാരും ഇത്രയേറെ പഴി കേള്‍ക്കുമ്പോഴും ഘടകകക്ഷികളില്‍ നിന്നോ പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളില്‍ നിന്നോ പിന്തുണയുമായി ആരും രംഗത്ത് വരാന്‍ തയ്യാറാവുന്നില്ല. പാര്‍ട്ടിയുടെ ആസ്ഥാന ന്യായീകരണ തൊഴിലാളികളും മുഖ്യമന്ത്രിയുടെ ഭക്തജന സംഘങ്ങളും നിശബ്ദരാണ്. പൊതുവികാരം സര്‍ക്കാരിനും പോലീസിനും എതിരാണെന്ന തിരിച്ചറിവിലാണ് ഈ മൗനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here