മുകേഷിനെ ചൂണ്ടി രാഹുലിനെ രക്ഷിക്കാന്‍ നീക്കം; തിരിച്ചടിക്കാന്‍ സി.പി.എമ്മും; ഗുരുതര തെളിവുകള്‍ പുറത്തുവന്നതില്‍ പാര്‍ട്ടിയില്‍ ചേരിപ്പോര്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എം.എല്‍.എ കൂടിയായ സിനിമാതാരം മുകേഷിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് സി.പി.എം സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിന്റെ എം.എല്‍.എ സ്ഥാനം നിലനിര്‍ത്താന്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ ധാരണ. അതോടൊപ്പം തന്നെ മുകേഷ്, പി.ശശി, പി.കെ.ശശി തുടങ്ങിയവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി മാങ്കൂട്ടത്തിനെ പ്രതിരോധിക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട്. ഇതിനിടയില്‍ രാഹുലിനെതിരായ ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വലിയതോതിലുള്ള ചേരിതിരിവും ഉണ്ടായിട്ടുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് ഒരു നടി മുകേഷിനെതിരെ ആരോപണം ഉയര്‍ത്തിയപ്പോള്‍ തെളിയിക്കപ്പെട്ട ശേഷം നടപടി എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതാണ് കോണ്‍ഗ്രസ് പിടിവള്ളിയാക്കാന്‍ പോകുന്നത്. ഈ പ്രചാരണം കോൺഗ്രസ് ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിയമപരമായ പരിശോധനകള്‍ക്ക് ശേഷം കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടം എം.എല്‍.എ സ്ഥാനം രാജിവയ്ക്കും എന്നാണ് നേതാക്കളും അവരെ പിന്തുണയ്ക്കുന്നവരും വ്യക്തമാക്കുന്നത്.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചാലും ബൈ ഇലക്ഷനുണ്ടാവില്ല; പീരുമേടും അനാഥമായി തുടരും

ഇത് സി.പി.എമ്മിനെ വെട്ടിലാക്കുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഈ പ്രചാരണത്തെ അതേ നാണയത്തിൽ നേരിടാന്‍ ഉറച്ചാണ് സി.പി.എം രംഗത്തുള്ളത്. മുകേഷിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുടെ പശ്ചാത്തലമാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കാന്‍ അവര്‍ നടത്തിയ നീക്കത്തിന്റെ പേരില്‍ കേരളത്തില്‍ മാത്രമല്ല, ഇപ്പോള്‍ തമിഴ്‌നാട്ടിലും പോലീസും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകേഷിനൊപ്പം മറ്റ് പലർക്കുമെതിരെ ഒരേസമയം സമാന ആരോപണം ഉന്നയിച്ച സ്ത്രീയുടെ നടപടികൾ പ്രഥമദൃഷ്ട്യാ തന്നെ സംശയകരമായിരുന്നു. മാത്രമല്ല, അവർ തന്നെ ആരോപണം പിന്‍വലിച്ച് പിന്നോക്കം പോയിട്ടുമുണ്ട്.

എല്ലാത്തിനുപരി മുകേഷിൻ്റെ കേസുപോലെ അത്ര ലാഘവത്തിൽ കാണാന്‍ കഴിയുന്നതല്ല രാഹുലുമായി ബന്ധപ്പെട്ട വിഷയമെന്ന എതിര്‍പ്രചാരണവും സി.പി.എം ശക്തമാക്കിയിട്ടുണ്ട്. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണം പോലെ ഒരെണ്ണം മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായിരിക്കുന്നത്. അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു എന്നതടക്കം ക്രമിനല്‍ കുറ്റവും ചെയ്തതായുള്ള ശക്തമായുള്ള തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ലൈംഗിക താൽപര്യത്തോടെ രാഹുൽ ബന്ധപ്പെട്ടു എന്ന് തുറന്നുപറഞ്ഞ് ഒന്നിലേറെ സ്ത്രീകൾ രംഗത്തെത്തുകയുമാണ്. അതുകൊണ്ട് രണ്ടുപേരെയും സമീകരിക്കാൻ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ : ചാനൽ ചർച്ചകളിലൂടെ ഉദിച്ചുയർന്ന താരം, അതേ ചാനൽ ബന്ധത്തിലൂടെ അടിതെറ്റി!! ‘വീക്നെസ്’ പുറത്തുവിട്ടതും ചാനലുകൾ തന്നെ

പി.ശശി, പി.കെ.ശശി തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സി.പി.എം മുഖവിലയ്ക്ക് എടുത്തില്ലെന്നും അവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു എന്നുമാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വാദം. എന്നാല്‍ ഇക്കാര്യവും സി.പി.എം നിഷേധിക്കുന്നുവെന്ന് മാത്രമല്ല, എം.വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരുടെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അതിനെ പ്രതിരോധിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഈ എം.എൽ.എമാരുടെ കാര്യത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ച് കുറ്റപത്രം കൊടുത്തു കഴിഞ്ഞതുമാണ്. രാഹുലിനെ സംരക്ഷിക്കാൻ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമമുണ്ടായാൽ, ഇവയെല്ലാം ഉയർത്തിവിട്ട് ചർച്ചയാക്കാനാണ് സിപിഎം നീക്കം.

അതിനിടയില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ഫോൺ സംഭാഷണം ചോര്‍ന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ശക്തമായ ചേരിപ്പോര് തുടങ്ങിയിട്ടുണ്ട്. മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. ബോധപൂര്‍വ്വം രാഹുലിനെ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ കുടുക്കിയതാണ് എന്നാണ് ഇക്കൂട്ടർ ആരോപിക്കുന്നത്. ഇതിന് തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയും ഇവർ ഉയര്‍ത്തിയിട്ടുണ്ട്. രാഹുലും മറ്റും ചേർന്ന് കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ ഇടപെടൽ ശൈലിയിൽ ഉണ്ടാക്കിയ മാറ്റമാണ് ഇപ്പോൾ തിരിച്ചടിക്കുന്നതെന്ന ആശങ്കയും പല കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്.

ALSO READ : പൊതിച്ചോറിൽ പ്രതികാരം പൊതിഞ്ഞെടുത്ത് DYFI; ‘ഹൃദയപൂർവം’ രാജി വാർത്ത

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് രാത്രിയില്‍ ആരുമറിയാതെ പി.വി.അന്‍വറിനെ രാഹുല്‍ സന്ദര്‍ശിച്ചത് ഈ തെളിവുകള്‍ പുറത്തുവരാതിരിക്കാൻ ആയിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ഓഡിയോ പുറത്തുവന്ന രീതിയും, അത് പുറത്തുവിട്ട ചാനലും ചൂണ്ടിക്കാട്ടിയാണ് രണ്ടുസംഭവങ്ങളെയും ബന്ധപ്പെടുത്തുന്നത്. അന്‍വറിനെ യു.ഡി.എഫുമായി സഹകരിപ്പിച്ച് നിര്‍ത്താനുള്ള ഉത്തരവാദിത്തം വെറുമൊരു ജൂനിയർ നേതാവിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് തന്നെ വ്യക്തമാക്കിയ സാഹചര്യവും ഈ സംശയം ഉന്നയിക്കുന്നവർക്കുള്ള പിടിവള്ളിയാണ്.

തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഉയര്‍ന്ന ഈ വിവാദം യു.ഡി.എഫിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. വിഷയം കൂടുതല്‍ വഷളാക്കി ആഘാതം വര്‍ദ്ധിപ്പിക്കുന്നതിന് പകരം പ്രശ്നങ്ങൾ പരിഹരിക്കാനും തന്ത്രപരമായി ഒതുക്കാനുമാണ് ശ്രമിക്കേണ്ടത്. അതിനിടയിലൂടെ മാധ്യമങ്ങളെ വെല്ലുവിളിച്ചോ പ്രകോപിപ്പിച്ചോ കൂടുതല്‍ സ്‌ഫോടനാത്മകമായ തെളിവുകള്‍ പുറത്തുവരാനുള്ള വഴി ഒരുക്കരുത് എന്നാണ് യു.ഡി.എഫിലെ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നതും. ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ല എന്നതുകൊണ്ട് തന്നെ രാഹുലിൻ്റെ രാജികാര്യത്തിൽ നീതിപൂർവകമായ തീരുമാനമെടുക്കണം എന്ന് അഭിപ്രായമുള്ളവരും യു.ഡി.എഫിൽ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top