അനുജനായി കൊണ്ടുനടന്ന് സതീശനും ഷാഫി പറമ്പിലും; വളര്‍ച്ച അതിവേഗത്തില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എരിഞ്ഞടങ്ങുന്ന വണ്ടര്‍ കിഡ്

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലെ താഴെത്തട്ടിലൂടെയുളള പ്രവര്‍ത്തനം വഴി നേതാവായ ആളല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ചാനല്‍ ചര്‍ച്ചകളിലൂടെ താരമായി നേതൃത്വത്തിലേക്ക് കൈപിടിച്ച് കയറ്റപ്പെട്ടതാണ്. രാഹുൽ അംഗീകരിക്കില്ലെങ്കിലും അതാണ് സത്യം. അര്‍ഹതപ്പെട്ട നിരവധിപേര്‍ ഉണ്ടായിട്ടും സ്ഥാനങ്ങള്‍ രാഹുലിനെ തേടിയെത്തിയത് ചില പ്രധാന നേതാക്കളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ്.

ചാനല്‍ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ മുഖമായതോടെ ഷാഫി പറമ്പിലുമായി ഏറെ അടുത്തു. എ ഗ്രൂപ്പിന്റെ അടുത്ത മുഖമായി ഷാഫി തന്നെ രാഹുലിനെ വളര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞപ്പോള്‍ അവിടേക്ക് ഷാഫിക്ക് നിര്‍ദേശിക്കാന്‍ ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ. ഏറെ നാളിനു ശേഷം നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചെങ്കിലും ആരോപണങ്ങളും പിന്നാലെ ഉയര്‍ന്നു. വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ച് അംഗങ്ങളെ ചേര്‍ത്താണ് വിജയം എന്ന ആരോപണം ചർച്ചയായി. പോലീസ് കേസായി, രാഹുലുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇതില്‍ അറസ്റ്റിലുമായി.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന്റെ പേരില്‍ പോലീസ് പുലര്‍ച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന നേതാവെന്ന പരിവേഷത്തിലേക്ക് എത്തിയത്. അറസ്റ്റും ജയില്‍വാസവും കരിയർ ഗ്രാഫ് കുത്തെനെ ഉയർത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചേര്‍ത്ത് നിര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ അടുത്ത മുഖമായി മാങ്കൂട്ടത്തില്‍. സിപിഎം നേതാക്കളെ എല്ലാം കടന്ന് ആക്രമിച്ച് രാഹുല്‍ കളം നിറഞ്ഞു.

വടകരയില്‍ മത്സരിക്കണം എന്ന കോണ്‍ഗ്രസ് നിര്‍ദേശം വന്നപ്പോഴും പാലക്കാട് രാഹുലിനെ പിന്‍ഗാമി ആക്കണം എന്ന നിബന്ധന മാത്രമാണ് ഷാഫി പറമ്പില്‍ മുന്നോട്ടുവച്ചത്. വലിയ പൊട്ടിത്തെറി ഉണ്ടായെങ്കിലും ഈ നിര്‍ദേശം പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വന്നു. ഷാഫി തന്നെയാണ് രാഹുലിന് വേണ്ടി പാലക്കാട് മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതും വിജയിപ്പിച്ചതും.

പുനസംഘന അടക്കം വൈകിയപ്പോള്‍ കോണ്‍ഗ്രസിനേയും നേതാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്ത് എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലായിരുന്നു ഈ വിമര്‍ശനം. എന്നാല്‍ അത് ഷാഫിക്ക് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാനാണ് എന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസിലെ ഒരു ശക്തികേന്ദ്രമായി ഷാഫിയും രാഹുലും വളരാന്‍ ശ്രമിക്കുമ്പോഴാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നത്.

നിലമ്പൂരിലാകട്ടെ റീലുകളും മറ്റുമൊക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞു. എന്നാൽ ഇതിനിടെയുണ്ടായ ഒരു വാഹന പരിശോധനയോടെ തീഴേക്കിറക്കം തുടങ്ങിയെന്ന് പറയാം. അന്നത്തെ പക്വതയില്ലാത്ത പെരുമാറ്റം വീഡിയോ ആയി പുറത്തുവന്നത് രാഹുൽ അതുവരെ ഉണ്ടാക്കിവച്ച ഇമേജിന് ചേരുന്നതായില്ല. പിന്നാലെ പാര്‍ട്ടി തീരുമാനം എല്ലാം മറികടന്ന് അര്‍ദ്ധരാത്രി പിവി അന്‍വറിന്റെ വീട്ടില്‍ എത്തിയതും പുറത്തുവന്നതോടെ സതീശനും തള്ളിപ്പറഞ്ഞു.
അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്ന് വിഡി സതീശന്‍ അടക്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ ഈ കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തിനും പറഞ്ഞുനിൽക്കാൻ ഒന്നുമില്ലാത്ത അവസ്ഥയായി. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞെങ്കിലും സതീശന്റെ ഗുഡ്ബുക്കില്‍ നിന്നും പുറത്തു പോയി. രാഷ്ട്രിയ എതിരാളികൾ അത് വേണ്ടുവോളം ആഘോഷിക്കുകയും ചെയ്തു.
മുതിര്‍ന്ന നേതാക്കള്‍ അടക്കം ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ നേരിട്ടും രാഹുല്‍ വാര്‍ത്തയില്‍ നിറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം പോരെന്ന് വിമര്‍ശിച്ച് പിജെ കുര്യനെ അതേ വേദിയില്‍ വച്ച് തന്നെ രാഹുല്‍ വിമര്‍ശിച്ചു. അത് സോഷ്യല്‍ മീഡിയ ആക്രമണമായി വളര്‍ത്തുകയും ചെയ്തു. ഇങ്ങനെ വളര്‍ന്ന് പന്തലിക്കാനുള്ള നീക്കങ്ങൾക്ക് ഇടയിലാണ് സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ചൂഷണങ്ങളും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നത്.
ALSO READ : എഐസിസിക്ക് ലഭിച്ചത് ഒൻപതിലധികം പരാതികൾ; ചില്ലറക്കാരനല്ല രാഹുൽ മാങ്കൂട്ടത്തിൽ
ഒരുമാസമായി ആരോപണം അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും കേസെവിടെ, പരാതിയെവിടെ എന്നതായിരുന്നു പ്രതിരോധം. ഇപ്പോഴും കേസില്ലെങ്കിലും ഇനിയങ്ങനെ പറഞ്ഞുനിൽക്കാനാവില്ല എന്ന സ്ഥിതിയെത്തി. പെണ്ണുപിടിയന്‍ പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസിനെ നയിക്കേണ്ട എന്ന വികാരം പരസ്യമായി തന്നെ പലരും ഉന്നയിക്കുന്നു. രാഹുലിന്റെ ഈ ഇടപാടുകളെക്കുറിച്ചെല്ലാം ഷാഫിക്കും അറിവുണ്ടായിരുന്നു എന്ന ആരോപണം വളരുന്നത് വെല്ലുവിളിയാണ്. അത് ഒഴിവാക്കാന്‍ രാഹുലിനെ കൈവിട്ടേ മതിയാകൂ.
നിലവില്‍ എംഎല്‍എ സ്ഥാനത്തിന് ഭീഷണിയില്ല. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോ എന്നും ലഭിച്ചാല്‍ ജയിക്കുമോ എന്നും കണ്ടുതന്നെ അറിയണം. ഇങ്ങനെയെല്ലാമാണ് കേരള രാഷ്ട്രീയത്തിലെ വണ്‍ ടൈം വണ്ടറായി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവതുർക്കി മാറുന്നത്. ഇത്രയേറെ ബാധ്യതയായ സ്ഥിതിക്ക് കൈപിടിച്ചു കൊണ്ടുവന്ന വിഡി സതീശനും കൈവിടുമെന്ന് ഉറപ്പാണ്. അല്ലെങ്കിൽ വിവാദം പാർട്ടി തന്നെ വിഴുങ്ങുന്ന സ്ഥിതിയാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here