വൈകി വന്ന വിവേകം; ക്രൂര മർദ്ദനത്തിൽ നടപടി; നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യാൻ ശുപാർശ. കസ്റ്റഡി മർദ്ദനം ഉണ്ടായി രണ്ടുവർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആണ് മുഖം രക്ഷിക്കാനുള്ള നീക്കം. പൊലീസ് കാടത്തത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയും സർക്കാരിന്റെ പ്രതിച്ഛായക്ക് ക്ഷീണമാവുകയും ചെയ്തതോടെയാണ് സസ്പെൻഷൻ. എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടി.
Also Read : ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പിണറായി പൊലീസ്
വിഷയത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞിരുന്നു. തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. ആ റിപ്പോർട്ടിന്മേലാണ് നടപടിക്കുള്ള ശുപാർശ. നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അടുത്ത് വരുന്ന സമയത്ത് മുഖം സംരക്ഷിക്കാനുള്ള സർക്കാർ നീക്കമാണ് സസ്‌പെൻഷൻ നടപടിയെന്നും വിമർശനം ഉയരുന്നുണ്ട്.
Also Read : CPMകാർക്കും രക്ഷയില്ല; ‘കണ്ണനല്ലൂർ സി ഐ എന്നെ ഉപദ്രവിച്ചു’; വെളിപ്പെടുത്തലുമായി ലോക്കൽ സെക്രട്ടറി
കേസിൽ കോടതി നടപടി തുടരുകയാണ്. അഞ്ച് പോലീസുകാർക്കെതിരെ കേസുണ്ട്. സസ്പെൻഷൻ അല്ല പുറത്താക്കലാണ് തന്റെ ആവശ്യമെന്ന് പരാതിക്കാരനായ സുജിത്ത് പറഞ്ഞു. പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസും. ഇന്നുതന്നെ നടപടി ഉണ്ടാകാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here