ആഡംബര ദുബായ് വിവാഹം വിനയായി; പ്രമുഖ യൂട്യൂബർ അനുരാഗ് ദ്വിവേദിക്കെതിരെ ഇഡി അന്വേഷണം

ക്രിക്കറ്റിനെക്കുറിച്ചുള്ള വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് അനുരാഗ് ദ്വിവേദി. കഴിഞ്ഞ ഏഴ് വർഷമായി ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ സജീവമായ ഇദ്ദേഹത്തിന്റെ ദുബായിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ അന്വേഷണത്തിന് വഴിവച്ചത്.
അനുരാഗിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രചാരണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇഡി അന്വേഷണം ഊർജിതമാക്കിയത്.
കഴിഞ്ഞ മാസമായിരുന്നു ദുബായിലെ ക്രൂയിസ് കപ്പലിൽ വെച്ച് അനുരാഗ് തന്റെ സുഹൃത്തിനെ വിവാഹം കഴിച്ചത്. നിരവധി പ്രശസ്തർ പങ്കെടുത്ത ഈ ആഡംബര വിവാഹത്തിന് ചെലവാക്കിയ പണത്തിന്റെ ഉറവിടമാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ദുബായിലുള്ള അനുരാഗ്, പലതവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഉന്നാവോ, ലക്നൗ എന്നിവിടങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ അനുരാഗിന്റെ അമ്മാവന്റെ വീടും ഉൾപ്പെടുന്നു. ലംബോർഗിനി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ വിലകൂടിയ കാറുകളും റെയ്ഡിൽ പിടിച്ചെടുത്തു. അനധികൃത ബെറ്റിംഗിലൂടെ ലഭിച്ച പണം ഹവാല വഴി ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഇഡി കണ്ടെടുത്തു.
നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ അനുരാഗ് സജീവ പങ്കുവഹിച്ചതായി ഇഡി ആരോപിക്കുന്നു. പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. ടെലിഗ്രാം ചാനലുകൾ വഴിയും വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയും നടന്ന സാമ്പത്തിക ഇടപാടുകളിൽ അനുരാഗിന്റെ കമ്പനികൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here