നികുതി അടയ്ക്കില്ലെന്ന് യൂസഫലിയുടെ ലുലുമാള്‍; സഹായിച്ച് സിപിഎം ഭരണസമിതി; കോര്‍പറേഷന് വന്‍ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ട്യൂറ എന്ന ഗെയിമിംഗ് സോണ്‍ വിനോദ നികുതി അടയ്ക്കുന്നില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ പരിശോധനയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതി ലുലുമാളിലെ ഈ നികുതി തട്ടിപ്പില്‍ ഒരു നടപടിയും സ്വീകരിക്കാതെ സഹകരിക്കുകയാണ് ആദ്യം ചെയ്തിരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ അതിന് അനുസരിച്ചുള്ള നികുതി നിശ്ചയിക്കുകയോ പിരിക്കുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് നഗരസഭയോട് വിവരങ്ങള്‍ ചോദിച്ചിട്ട് ലഭ്യമാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

ഓഡിറ്റ് വിഭാഗം വിവരങ്ങള്‍ ചോദിച്ചതോടെ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് എതിരെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത്. 1961-ലെ നിയമപ്രകാരം, വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രവേശന ഫീസിന്റെ നിശ്ചിത ശതമാനം വിനോദ നികുതിയായി ഓരോ മാസവും കോര്‍പ്പറേഷനില്‍ അടയ്ക്കേണ്ടതാണ്. ഇത് പാലിക്കാതെ വന്നതോടെ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്. തുക പറയാതെ ഭീമമായ നഷ്ടം എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.

ALSO READ : ലുലു മാൾ നിർമ്മാണം നിയമം ലംഘിച്ച്; ഭൂമി തരം മാറ്റിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

2024 ജനുവരി 31-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫണ്‍ട്യൂറയിലെ പ്രവേശന ഫീസിന്റെ 10% ലുലു വിനോദ നികുതിയായി അടയ്ക്കണം. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലെ നികുതി ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുപ്പിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കോര്‍പ്പറേഷന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ALSO READ : കുടിവെള്ളം ഉറപ്പാക്കാൻ PVRനോട് ഉപഭോക്തൃകോടതി !! ലുലുവിലെ മൾട്ടിപ്ലക്സിൽ ഇനി ബോർഡും വേണം

ആദ്യം മുതല്‍ ലുലുമാളിന് അനുകൂലമായ നിലപാടാണ് ആര്യാ രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന കോര്‍പ്പറേഷന്‍ ഭരണസമിതി സ്വീകരിച്ചിരുന്നത് എന്നത് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിലെ കേസില്‍ കോര്‍പ്പറേഷന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഒരു നടപടി പ്രതീക്ഷിക്കാന്‍ ന്യായമായും കഴിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top