യുവരാജ് സിങ്ങ്, ഹർഭജൻ സിങ്, റെയ്ന വലയിൽ… ഇഡി പണി തുടങ്ങി; മലയാളത്തിലെ ചില താരങ്ങളും നിരീക്ഷണത്തിൽ

ഇന്ത്യയിലെ നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളുടെ ബിസിനസ്സ് 100 ബില്യൺ ഡോളറിലധികം വരും. നിയന്ത്രണങ്ങൾ പലത് ഉണ്ടായിട്ടും ഈ ബിസിനസ്സ് കുതിച്ചുയരുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 11 കോടി ഇന്ത്യക്കാർ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നുണ്ട്. ഒട്ടേറെ ചെറുപ്പക്കാർ ഓരോ വർഷവും ഓൺലൈൻ ബെറ്റിങ് മൂലം ആത്മഹത്യ ചെയ്യുന്നുണ്ട് എന്നും വിലയിരുത്തലുണ്ട്.
ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് പ്രചാരം നൽകുന്ന താരങ്ങൾക്കെതിരെ നടപടി തുടങ്ങുന്നത്. ബെറ്റിങ് ആപ്പുകൾക്ക് വേണ്ടി പരസ്യങ്ങൾ ചെയ്ത ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെ എൻഫോഴ്‌സ്‌മെൻ്റ് വിളിച്ചുവരുത്തി ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വൺ എക്സ് ബെറ്റ് (1xBet) പോലുള്ള നിരോധിത പ്ലാറ്റ്ഫോമുകൾക്കായി പരസ്യം ചെയ്ത് നൽകിയതിനെ തുടർന്നാണ് ഇഡി നടപടി.
യുവരാജ് സിംങിനെ പോലുള്ള സെലിബ്രിറ്റികൾ ഉൾപ്പെടുന്ന പ്രമോഷണൽ കാമ്പെയ്‌നുകൾ ഈ സൈറ്റുകൾക്ക് വലിയ പ്രചാരം നൽകിയിരുന്നു. പരസ്യങ്ങളെ വിശ്വസിച്ച് വാതുവയ്പ്പിൽ ഏർപ്പെട്ട ഒട്ടേറെപേർ തട്ടിപ്പിന് ഇരയായി. കേരളത്തിലെ പ്രമുഖരായ ചില ചലച്ചിത്രതാരങ്ങളും ഇത്തരം സൈറ്റുകൾക്ക് വേണ്ടി പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇവരും ഇഡിയുടെ നിരീക്ഷണത്തിൽ ആണെന്ന് സൂചനകളുണ്ട്.
ഐടി ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) എന്നിവ ഉൾപ്പെടുത്തിയാണ് പരസ്യങ്ങൾ ചെയ്തവർക്കെതിരെ ഇഡി കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. യുവരാജ് സിങ്, ഹർഭജൻ സിംഗ്, സുരേഷ് റെയ്‌ന എന്നിവരാരും പ്രതികരിച്ചിട്ടില്ല. ഈ പരസ്യ കാമ്പെയ്‌നുകൾക്കായി 50 കോടിയിലധികം രൂപ കമ്പനികൾ ചിലവാക്കിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here