സൊമാറ്റോയിൽ കേക്ക് ഓർഡർ ചെയ്തു; മുകളിൽ എഴുതി വന്നത് ‘സെക്യൂരിറ്റിയുടെ അടുത്ത് വെച്ചേക്കൂ’!

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നൽകാറുള്ള നിർദ്ദേശങ്ങൾ ചിലപ്പോൾ വലിയ അബദ്ധങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അത്തരമൊരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൊമാറ്റോ വഴി യുവതിയുടെ ജന്മദിനത്തിന് സുഹൃത്ത് കേക്ക് ഓർഡർ ചെയ്തു. കേക്ക് ഡെലിവറി ചെയ്യുന്ന ആൾക്ക് നൽകാനായി ആപ്പിലെ ഇൻസ്ട്രക്ഷൻ ബോക്സിൽ “Leave at security” (സെക്യൂരിറ്റിയുടെ അടുത്ത് വെച്ചേക്കൂ) എന്ന് സുഹൃത്ത് കുറിച്ചിരുന്നു. എന്നാൽ കടക്കാരന് പറ്റിയ അബദ്ധം കേക്ക് എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ജന്മദിനാശംസകൾക്ക് പകരം കേക്കിന് മുകളിൽ ഐസിങ് ഉപയോഗിച്ച് എഴുതിയിരുന്നത് “Leave at security” എന്നായിരുന്നു.
തന്റെ ജന്മദിനത്തിൽ കേക്ക് മുറിക്കാൻ തയ്യാറെടുക്കുമ്പോൾ ഈ വിചിത്രമായ സന്ദേശം കണ്ട് യുവതി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നാലെ ചിരിയടക്കാനായില്ല. ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. യുവതിയുടെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
അമ്മയ്ക്ക് ജന്മദിനാശംസകൾ എഴുതാൻ പറഞ്ഞപ്പോൾ, അവർ കേക്കിന് മുകളിൽ ‘അമ്മയ്ക്ക് ജന്മദിനാശംസകൾ എന്ന് എഴുതുക’ എന്ന് തന്നെ എഴുതി വെച്ചു. മറ്റൊരാൾ കേക്ക് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക (Handle with care) എന്ന് നിർദ്ദേശം നൽകിയപ്പോൾ കേക്കിന് മുകളിൽ അത് തന്നെ എഴുതി വന്ന അനുഭവവും മറ്റൊരാൾ പങ്കുവച്ചു. ഇങ്ങനെ സമാന അനുഭവം നേരിട്ട നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here